feature-shanthivanam-

എറണാകുളം നോർത്ത് പറവൂർ വഴിക്കുളങ്ങരയിൽ മൂന്നു സർപ്പക്കാവുകളും മൂന്നും കുളങ്ങളും അടങ്ങുന്ന ശാന്തിവനമെന്ന ആവാസവ്യവസ്ഥയുണ്ടെന്ന് എല്ലാ വർഷവും ഇവിടെ കൃത്യമായെത്തുന്ന ദേശാടനപക്ഷികൾക്കറിയാം. ഇവിടെ വൈദ്യുതി ടവർ സ്ഥാപിച്ച് അശാന്തിവനമാക്കുന്നതിനുള്ള കെ.എസ്. ഇ.ബിയുടെ ശ്രമങ്ങളെ ചെറുക്കുന്നതിനായി പരിസ്ഥിതിസ്‌നേഹികൾ കഴിഞ്ഞ ആഴ്ച മുതൽ ഒത്തുകൂടിയപ്പോഴാണ് ഈ പച്ചപ്പ് തന്റെ പഞ്ചായത്തിലാണെന്ന് കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് തിരിച്ചറിയുന്നത്. രണ്ട് ഏക്കർ വനഭൂമിയുടെ മദ്ധ്യഭാഗത്ത് ടവർ ഉയർന്നാൽ ഇവിടെ വിരുന്നിനെത്തുന്ന നാകമോഹൻ, പിറ്റ, സൈബീരിയൻ കൊക്കുകൾ തുടങ്ങിയ അപൂർവയിനം ദേശാടനപക്ഷികൾ ഇനി എങ്ങോട്ടുപോകുമെന്നാണ് ശാന്തിവനത്തിന്റെ കാവൽക്കാരിയായ മീനാമേനോന്റെ സങ്കടം.

വീട്ടുവളപ്പിൽ പ്രതിഷേധം കൊഴുക്കുമ്പോൾ വീടിന്റെ പിൻഭാഗത്ത് ടവർ ലൈൻ സ്ഥാപിക്കുന്നതിനുള്ള പണികൾ പുരോഗമിക്കുകയാണ്. ടവറിനു വേണ്ടി 50 മീറ്റർ ആഴത്തിൽ അഞ്ചു പൈലുകളിട്ടു കഴിഞ്ഞു. ജെ.സി.ബി വച്ച് കോരിയെടുക്കുന്ന മണ്ണും ചെളിയുമെല്ലാം പറമ്പിലും വീടിന് തൊട്ടു മുന്നിൽ ദേശീയപാതയോടു ചേർന്നുള്ള സ്ഥലത്തുമാണ് തള്ളുന്നത്.

പശ്ചിമഘട്ടത്തിലെ ഉറവ

200 വർഷം പഴക്കുള്ള ഈ ഭൂമിയെ മനുഷ്യനിർമ്മിത വനമാക്കി മാറ്റിയത് മീനയുടെ അച്ഛൻ പി.രവീന്ദ്രനാഥ് ആണ്. 1980 കളിൽ നടന്ന പശ്ചിമഘട്ട സംരക്ഷണ ജാഥയുടെ ഭാഗമായിരുന്ന അദ്ദേഹം ആ യാത്രയുടെ സ്മാരകമായി പൈതൃകമായി ലഭിച്ച മണ്ണിനെ പ്രകൃതിയുടെ താളത്തിന് വിട്ടുകൊടുത്തു. ഒരു തരത്തിലുമുള്ള കൃഷി വേണ്ടെന്നു വച്ചു. കൊത്തിയിളക്കി പറമ്പിനെ നോവിച്ചില്ല. പതിയെ ഇതൊരു സ്വഭാവിക വനമായി മാറി.

പാല, കരിമ്പന, കാട്ടിലഞ്ഞി, ആറ്റുപേഴ്, പൈൻ ഉൾപ്പെടെയുള്ള വൻമരങ്ങൾ തഴച്ചുവളർന്നു. വിവിധയിനം കിളികളും ചിത്രശലഭങ്ങളും ബുൾ ഫ്രോഗ് ഇനത്തിൽപെട്ട വലിയ ഇനം തവളകളും തച്ചൻകോഴി,മരപ്പട്ടി, വെരുക് തുടങ്ങിയ ജീവികളും ശാന്തിവനത്തിലെ അന്തേവാസികളായി. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിത്ത് ബാങ്കുകളിലൊന്നാണിവിടം. . 2008 ൽ രവീന്ദ്രനാഥ് മരിച്ചു. പിന്നീട് മകൾ മീന ശാന്തിവനത്തിന്റെ സംക്ഷണം ഏറ്റെടുത്തു.

നോട്ടീസ് നൽകിയില്ല

മുൻകൂർ നോട്ടീസ് പോലും നൽകാതെ 2013 ൽ മുറ്റത്ത് കുറ്റിയടിക്കുമ്പോഴാണ് ടവർ വരുന്ന കാര്യം അറിയുന്നതെന്ന് മീന പറയുന്നു. കളക്ടർക്ക് ഉടൻ പരാതി നൽകി. അനുകൂല നടപടിയുണ്ടാകാതെ വന്നതോടെ 2017 ൽ കോടതിയെ സമീപിച്ചു. കഴിഞ്ഞ അഞ്ചിന് കേസ് തള്ളിക്കൊണ്ട് കോടതിവിധി വന്നു. തൊട്ടടുത്ത ദിവസം തന്നെ ജെ.സി.ബിയുമായി വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥരെത്തി. 11 മരങ്ങൾ വെട്ടിമുറിച്ചു. ഇനി 48 മരങ്ങൾ കൂടി നശിപ്പിക്കാനുള്ള ലിസ്റ്റിലുണ്ട്. നിർമ്മാണ പ്രവർത്തനങ്ങളുടെ ആഘാതത്തിൽ 75 വർഷം പഴക്കമുള്ള വീടും കുലുങ്ങിതുടങ്ങി.

പ്രവൃത്തികൾ തുടർന്നാൽ രണ്ടു കാവുകൾ പൂർണമായും നശിക്കും. വൻ മരങ്ങളുടെ കടയ്ക്കൽ മഴു വീഴും. ശാന്തിവനത്തിന്റെ മുകളിലൂടെ 'വി' ആകൃതിയിലാണ് ടവർ ലൈൻ കടന്നുപോകുന്നത്. ലൈനിന് ഇരുവശത്തുമായി 22 മീറ്ററോളം ഭാഗത്തെ വൃക്ഷങ്ങൾ ഇതിനായി മുറിച്ചു മാറ്റേണ്ടി വരും.

രണ്ട് അലൈൻമെന്റുകളാണ് ടവറിനായി പരിഗണിച്ചിരുന്നത്. വനത്തിനുള്ളിലൂടെയാണ് ഒന്ന്. വനത്തിന്റെ ഏതെങ്കിലും അരികിലൂടെ ടവർ ലൈൻ കൊണ്ടുപോകണമെന്ന നിർദേശവും അധികൃതർ പരിഗണിച്ചില്ലെന്ന് മീന കുറ്റപ്പെടുത്തി. ശാന്തിവനത്തിലെ ജൈവൈവിധ്യസമ്പത്തിന്റെ കണക്കെടുക്കണമെന്നും ടവറിടാനുള്ള പണികൾ നിർത്തിവയ്‌ക്കണമെന്നും ആവശ്യപ്പെട്ട് മീന വീണ്ടും കളക്ടർക്ക് നിവേദനം നൽകി. .

ആരോപണങ്ങൾ അടിസ്ഥാനരഹിതം: കെ.എസ്.ഇ.ബി

വൈദ്യുതി ബോർഡിന്റെ ടവർ ലൈൻ സ്ഥാപിക്കുന്നതനായി ശാന്തിവനം നശിപ്പിക്കുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. 20 വർഷം മുമ്പ് ഈ ലൈനിന് ഭരണാനുമതി ലഭിച്ചതാണ്. മൂന്നു സെന്റ് സ്ഥലം വേണ്ടയിടത്ത് 0.62 സ്ഥലം മാത്രമാണ് ടവറിനായി ഉപയോഗിക്കുന്നത്.ജില്ലാ കളക്ടറുടെയും ഹൈക്കോടതിയുടെയും ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജോലികൾ ആരംഭിച്ചതെന്ന് വൈദ്യുതി ബോർഡിന്റെ ചീഫ് പബ്ളിക് റിലേഷൻസ് ഓഫീസർ അറിയിച്ചു.