ന്യൂഡൽഹി: എണ്ണരാജാക്കന്മാരെ വരുതിയിലാക്കാൻ ഇന്ത്യയും ചൈനയും കൈകോർക്കുന്നു. ലോകത്ത് ഏറ്റവുമധികം ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയും മൂന്നാമൻ ചൈനയുമാണ്.
ഇത്രയും കാലം ഗൾഫിലെ എണ്ണ ഉല്പാദക രാജ്യങ്ങളാണ് എണ്ണക്കാര്യത്തിലെ തീരുമാനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത്. ഇന്ത്യയും ചൈനയും ചേർന്നാൽ ഈ കുത്തകക്കാരെ പിടിച്ചുനിറുത്താനാകുമെന്നാണ് കരുതപ്പെടുന്നത്.
ഇതുസംബന്ധിച്ച ചർച്ചകൾക്ക്
ചൈനീസ് ദേശീയ എനർജി അഡ്മിനിസ്ട്രേഷന്റെ ഉന്നതതല പ്രതിനിധി സംഘം കഴിഞ്ഞ ദിവസം ന്യൂഡൽഹിയിലെത്തിയിരുന്നു.
രണ്ട് രാജ്യങ്ങളും ചേർന്ന് വില പേശിയാൽ എണ്ണഉല്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക്കിനെ പ്രതിസന്ധിയിലാക്കാനാകും.
ഈ നീക്കം വിജയിച്ചാൽ മറ്റ് ഏഷ്യൻ രാജ്യങ്ങളും ഇന്ത്യയ്ക്കും ചൈനയ്ക്കും ഒപ്പം ചേരുമെന്ന് ഉറപ്പാണ്. നാലാമത്തെയും അഞ്ചാമത്തെയും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളായ ജപ്പാനെയും ദക്ഷിണ കൊറിയയെയും പുതിയ സഖ്യത്തിൽ ചേർക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇത് സാർത്ഥകമായാൽ വിൽപ്പന രാജ്യങ്ങളെല്ല, ഇറക്കുമതിക്കാരാകും ഇനി എണ്ണവില നിശ്ചയിക്കുന്നതിൽ പ്രധാന റോൾ വഹിക്കുക.
ഏഷ്യൻ പ്രീമിയം ഇല്ലാതാക്കും
ഏഷ്യൻ രാജ്യങ്ങൾക്ക് എണ്ണയ്ക്കായി പ്രധാനമായും ആശ്രയിക്കുന്നത് പശ്ചിമേഷ്യൻ എണ്ണ ഉല്പാദക രാജ്യങ്ങളെയാണ്. ആ ആശ്രിതത്വം മുതലെടുത്ത് യഥാർത്ഥ വിലയ്ക്ക് മേൽ ഒപ്പെക് രാജ്യങ്ങൾ പ്രീമിയം ആയി ഒരു തുക ചുമത്തും. അമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങൾക്ക് ഇതില്ലതാനും. ഈ വിവേചനം അവസാനിപ്പിക്കാൻ ഇന്ത്യ ഏറെക്കാലമായി പലവിധ ശ്രമങ്ങളും നടത്തിവരുന്നുണ്ട്. അതിനിടെയാണ് പുതിയ പങ്കാളിത്തം ഉരുത്തിരിയുന്നത്. ഏഷ്യൻ പ്രീമിയം അവസാനിപ്പിക്കാൻ ഈ സഖ്യം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
ആഗോള എണ്ണ ഉല്പാദനത്തിൽ 40% അറബ് രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക്കിൽ നിന്നാണ്. വില നിർണയത്തിൽ അതുകൊണ്ട് തന്നെ ഒപ്പെക്കിനാണ് മേൽക്കൈ.
രണ്ട് പതിറ്റാണ്ടായി ഇന്ത്യയുടെ എണ്ണ ഇറക്കുമതി കത്തിക്കയറുകയാണ്. ആവശ്യത്തിന്റെ 80%വും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണുതാനും. അതുകൊണ്ട് തന്നെ ചെറിയൊരു വിലവർദ്ധന പോലും ഇന്ത്യയിൽ വിലക്കയറ്റത്തിനും സാമ്പത്തിക പ്രശ്നങ്ങൾക്കും വഴിവെക്കാറുണ്ട്.
ഇറാന് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിനെ ദിവസങ്ങൾക്ക് മുമ്പാണ് എണ്ണ വിലയിൽ വലിയ വർദ്ധനവുണ്ടായത്. ഇറാനിൽ നിന്ന് വലിയ തോതിൽ ക്രൂഡോയിൽ വാങ്ങുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. മേയ് രണ്ട് കഴിഞ്ഞാൽ ഇറാൻ എണ്ണ കൊണ്ടുവരാൻ സാധിക്കുകയുമില്ല.