കൊച്ചി : ഡെന്റൽ പി.ജി കോഴ്സിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ ഇതിനെതിരെ എറണാകുളം സ്വദേശിനി ഡോ. നസ്രീൻ അൻസാരി നൽകിയ ഹർജിയിലെ തീർപ്പിന് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഡെന്റൽ പി.ജി കോഴ്സിനുള്ള നീറ്റിൽ (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) ഹർജിക്കാരിക്ക് 50 ശതമാനം യോഗ്യതാമാർക്ക് ലഭിച്ചെങ്കിലും ആദ്യ അലോട്ട്മെന്റിൽ സീറ്റ് ലഭിച്ചിരുന്നില്ല. ഇതിനിടെ നീറ്റിന്റെ മിനിമം യോഗ്യതാ മാർക്ക് 50 ശതമാനത്തിൽ നിന്ന് 25.835 ശതമാനമാക്കി കുറച്ച് എൻട്രൻസ് കമ്മിഷണർ ഏപ്രിൽ ആറിന് വിജ്ഞാപനമിറക്കി. ആൾ ഇന്ത്യാ തലത്തിൽ വേണ്ടത്ര വിദ്യാർത്ഥികളെ ലഭിക്കാത്തതിനാൽ കേന്ദ്ര സർക്കാരിന്റെ തീരുമാന പ്രകാരമാണ് ഇളവു വരുത്തിയത്. യോഗ്യതാ മാർക്കിൽ കുറവു വരുത്തിയതിനാൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ മാത്രം രണ്ടാംഘട്ട അലോട്ട്മെന്റിന് ഒാപ്ഷൻ നൽകിയാൽ മതിയെന്നും എൻട്രൻസ് കമ്മിഷണറുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതിനെയാണ് ഹർജിക്കാരി ചോദ്യം ചെയ്തത്. 50 ശതമാനം യോഗ്യതാ മാർക്ക് നേടിയിട്ടും ആദ്യഘട്ട അലോട്ട്മെന്റിൽ ഉൾപ്പെടാതിരുന്ന ഹർജിക്കാരി ഉൾപ്പെടെയുള്ളവരെ ഒഴിവാക്കി പുതിയതായി യോഗ്യത നേടിയവർ മാത്രം ഒാപ്ഷൻ നൽകിയാൽ മതിയെന്ന ഉത്തരവ് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു. തുടർന്നാണ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ ഹർജിയിലെ അന്തിമ തീർപ്പിന് വിധേയമാണെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകിയത്.