കോലഞ്ചേരി: സന്ധ്യ മയങ്ങിയാൽ കോലഞ്ചേരിയിൽ നിറയുന്നത് പ്ളാസ്റ്റിക് പുക. പുക ശ്വസിച്ച് നിത്യവും നിരവധി പേർക്ക് അസ്വസ്ഥതകയുണ്ടാകുമ്പോഴും അനക്കമില്ലാതെ അധികൃതർ. കോലഞ്ചേരി ബ്ലോക്ക് ബ്ളോക്ക് ഓഫീസിനു മുന്നിലെ പൊതു വഴിയിലാണ് പ്ളാസ്റ്റിക് മാലിന്യം കത്തിക്കുന്നത്. വിവിധ സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ ശേഖരിച്ച് ഒന്നിച്ച് കത്തിക്കുകയാണ്. നേരം ഇരുട്ടിത്തുടങ്ങുമ്പോഴാണ് ചാക്കുകളിൽ ശേഖരിച്ച മാലിന്യമെത്തിക്കുന്നത്. പല കടകളിൽ നിന്നുള്ള മാലിന്യം ഒന്നിച്ച് ശേഖരിച്ചെത്തിക്കാൻ ഏജന്റുമുണ്ട് .
നേരത്തെയും കോലഞ്ചേരി പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സമീപ പ്രദേശങ്ങളിൽ നിന്ന് കൂട്ടമായി വാഹനത്തിൽ കൊണ്ടുവന്ന് ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടിട്ടു നിമിഷനേരം കൊണ്ട് പെട്രോൾ ഉപയോഗിച്ച് കത്തിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പരിസ്ഥിതിയെ മലിനീകരണത്തിലേക്ക് നയിക്കുന്ന സംഭവങ്ങൾ ഉണ്ടാകുമ്പോഴും യാതൊരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. സ്ഥിരമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്ന ഈ സ്ഥലത്തിന്റ മുമ്പിലാണ് വാടവുകോട് ബ്ലോക്ക് പഞ്ചായത്തോഫീസ് പ്രവർത്തിക്കുന്നത്. ടൗണിലെയും പഞ്ചായത്ത് പ്രദേശങ്ങളിലേയും പ്ലാസ്റ്റിക് മാലിന്യങ്ങൾ മീമ്പാറയിലുള്ള പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റിൽ ശേഖരിക്കുന്ന പദ്ധതി നിലവിലുണ്ട്. എന്നാൽ പണം മുടക്കിയതല്ലാതെ പദ്ധതി നടപ്പാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. നേരത്തെ യൂണിറ്റിലെത്തിച്ച പ്ളാസ്റ്റിക് വെയിസ്റ്റ് മീമ്പാറയിലുള്ള പൂത്തൃക്ക കൃഷിഭവന്റെ വനിതാ യൂണിറ്റിന് മുന്നിൽ അട്ടിയിട്ട് വച്ചത് നാട്ടുകാരിൽ പ്രതിഷേധമുയർത്തിയിരുന്നു. പൊതുസ്ഥലത്ത് പ്ലാസ്റ്റിക് കത്തിക്കുന്നതിന് പിഴയും തടവ് ശിക്ഷയുമുണ്ടെങ്കിലും നടപടി എടുക്കാൻ അധികാരികൾ തയ്യാറാകുന്നില്ലെന്ന് പൊതു പ്രവർത്തകനായ സജോ സക്കറിയ ആൻഡ്രൂസ് ആരോപിച്ചു.