കൊച്ചി: യൂറോപ്പിലേക്ക് കയറ്റുമതി ലക്ഷ്യമിട്ട് കാര ചെമ്മീൻ ജൈവ കൃഷി ചെയ്യാൻ കൂപ്പും (സി.ഒ.ഒ.ഇ), കേരള ഫിഷറീസ് സമുദ്ര സർവ്വകലാശാലയും (കുഫോസ്) ഇന്ത്യൻ സീ ഫുഡ് എക്‌സ്‌പോർട്ട് അസോസിയേഷനും തമ്മിൽ ധാരണയായി.
സ്വിറ്റ്‌സർലാന്റിലെ ഏറ്റവും വലിയ ജൈവ ഭക്ഷ്യോൽപാദക വിപണന ശൃംഖലയായ കൂപ്പിന് 2213 വിൽപ്പന ശാലകളും 60 ശതമാനത്തിലധികം വിപണി പങ്കാളിത്തവുമുണ്ട്.
കുഫോസിൽ വൈസ് ചാൻസലർ ഡോ.എ.രാമചന്ദ്രന്റെ നേതൃത്വത്തിൽ കൂപ്പ് സി.ഇ.ഓ ഫിലിപ്പ് വ്യസ്, ഫുഡ് ഡിവിഷൻ മാനേജർ തോമസ് സോമർ, കൺട്രി മാനേജർ ദീപ നുവാർ,ഇന്ത്യൻ സീ ഫുഡ് അസോസിയേഷൻ റീജിയണൽ പ്രസിഡന്റ് അലക്‌സ് നൈനാൻ, കുഫോസ് രജിസ്ട്രാർ ഇൻചാർജ് ജോബി ജോർജ് പി , ഗവേഷണ വിഭാഗം മേധാവി ഡോ.ടി.വി.ശങ്കർ എന്നിവർ നടത്തിയ ചർച്ചയിലാണ് ധാരണയുണ്ടായത്.
സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ ധാരണാപത്രം ഒപ്പു വെയ്ക്കുമെന്ന് വൈസ് ചാൻസലർ ഡോ.എ.രാമചന്ദ്രൻ പറഞ്ഞു.
ധാരണയനുസരിച്ച് കുഫോസിന്റെ മേൽനോട്ടത്തിൽ കേരളത്തിലെ കർഷകർ ജൈവ മാർഗത്തിൽ ഉൽപ്പാദിക്കുന്ന കാരചെമ്മീൻ മുഴുവനും കൂപ്പ് ഉയർന്ന വില നൽകി വാങ്ങും. ഇന്ത്യൻ സീ ഫുഡ് എക്‌സ്‌പോർട്ട് അസോസിയേഷൻ തെരഞ്ഞെടുക്കുന്ന കർഷകരാണ് കൃഷി ചെയ്യുക. ഇവർക്ക് രോഗാണുവിമുക്തമായ ചെമ്മീൻ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനുള്ള പരിശീലനവും സാങ്കേതിക സഹായവും കുഫോസ് നൽകും. കൂപ്പിന്റെ സഹകരണത്തോടെ സജ്ജമാക്കുന്ന മോഡൽ ജൈവ കാര ചെമ്മീൻ കൃഷി ഫാം കുഫോസ് കാമ്പസിൽ താമസിയാതെ പ്രവർത്തനക്ഷമമാകുമെന്ന് വൈസ് ചാൻസലർ ഡോ.എ.രാമചന്ദ്രൻ പറഞ്ഞു. . ഇന്ത്യൻ സീ ഫുഡ് അസോസിയേന്റെ അഫിലിയേഷനോടെ കൊച്ചിയിൽ പ്രവർത്തിക്കുന്ന സംസ്‌കരണ ഫാക്ടറികളിൽ സംസ്‌കരിച്ച ശേഷമാണ് ജൈവ ചെമ്മീനുകൾ കൂപ്പിന്റെ വിപണന കേന്ദ്രങ്ങളിലേക്ക് കയറ്റുമതി ചെയ്യുക .