-raghavan-prize

കൊച്ചി: ശ്രീനാരായണ സേവാസംഘം ഏർപ്പെടുത്തിയ എം.കെ. രാഘവൻ വക്കീൽ പുരസ്‌കാരത്തിന‌് മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി. ചന്ദ്രൻ അർഹനായി. നിർദ്ധനരായ രോഗികൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കൽ ഉൾപ്പെടെ നിരവധി സാമൂഹിക പ്രവർത്തനങ്ങൾ നടത്തിയത് പരിഗണിച്ചാണ് പി.വി. ചന്ദ്രന് പുരസ്‌കാരം നൽകുന്നതെന്ന് പ്രൊഫ. എം.കെ. സാനു പത്രസമ്മേളനത്തിൽ പറഞ്ഞു. കെ.ടി.സി ഗ്രൂപ്പ്, പി.വി.എസ് ആശുപത്രി എന്നിവയുടെ ചെയർമാനാണ‌് പി.വി. ചന്ദ്രൻ. ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ഫലകവും 50,000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. മേയ് അഞ്ചിന് എറണാകുളം സഹോദര നഗറിൽ ജസ്റ്റിസ് സിറിയക് ജോസഫ് പുരസ്‌കാരം സമർപ്പിക്കും. ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് എൻ.ഡി. പ്രേമചന്ദ്രൻ, പി.പി. രാജൻ, ടി.എം. വിശ്വംഭരൻ, പി.എം. മധു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.