കൊച്ചി : ആട്ടോറിക്ഷകളുടെ പാർക്കിംഗ് സ്ഥലത്ത് ആട്ടോ ടാക്സികൾ കൂടി പാർക്ക് ചെയ്യാൻ പൊലീസ് സംരക്ഷണം നൽകാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആട്ടോകളും ആട്ടോ ടാക്സികളും വ്യത്യസ്ത കാറ്റഗറിയിലുള്ള വാഹനങ്ങളാണെന്നും ഇവയുടെ സർവീസ് പെർമിറ്റ് വ്യത്യസ്തമാണെന്നുമുള്ള ഹർജിയിലെ എതിർ കക്ഷികളുടെ വാദം അംഗീകരിച്ചാണ് ഡിവിഷൻബെഞ്ച് ഇൗ ആവശ്യം നിരാകരിച്ചത്. നെടുമ്പാശേരി അത്താണിയിൽ ആട്ടോറിക്ഷകളുടെ പാർക്കിംഗ് സ്ഥലത്ത് ആട്ടോ ടാക്സികളെ പാർക്ക് ചെയ്യാൻ അനുവദിക്കുന്നില്ലെന്നും പൊലീസ് സംരക്ഷണം വേണമെന്നുമാവശ്യപ്പെട്ട് അത്താണി സ്വദേശി ജസ്റ്റിസ് തോമസ് ഉൾപ്പെടെ നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ആട്ടോറിക്ഷകൾക്ക് ജില്ലയ്ക്കുള്ളിൽ സർവീസ് നടത്താനാണ് പെർമിറ്റുള്ളത്. എന്നാൽ ആട്ടോ ടാക്സിക്ക് സംസ്ഥാനത്തുടനീളം സർവീസ് നടത്താനാകും. രണ്ടിന്റെയും സീറ്റിംഗ് കപ്പാസിറ്റിയും വ്യത്യസ്തമാണ്. ആ നിലയ്ക്ക് ആട്ടോകളെയും ആട്ടോ ടാക്സികളെയും ഒരേപോലെ കാണാനാവില്ലെന്ന് ഹർജിയിലെ എതിർ കക്ഷികളായ ആട്ടോറിക്ഷാ തൊഴിലാളി യൂണിയനുകൾ വാദിച്ചു. ഇതംഗീകരിച്ച ഡിവിഷൻബെഞ്ച് പൊലീസ് സംരക്ഷണം നൽകാൻ നിർദ്ദേശിക്കുന്നത് നിയമപരമാവില്ലെന്ന് വ്യക്തമാക്കി. എന്നാൽ കേരള പൊലീസ് ആക്ടിൽ നിർദ്ദേശിക്കുന്ന തരത്തിലുള്ള ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിക്ക് പഞ്ചായത്ത് അധികൃതർ രൂപം നൽകണമെന്ന് നിർദ്ദേശിച്ചു. തുടർന്ന് ജൂലായ് മാസത്തിനു മുമ്പ് അത്താണിയിൽ ആട്ടോകൾക്കും ആട്ടോ ടാക്സികൾക്കും പ്രത്യേക പാർക്കിംഗ് ഏരിയ കണ്ടെത്തണമെന്നും വിധിയിൽ പറയുന്നു.