congress
പറമ്പയം നടക്കപ്പറമ്പിൽ നിസാർ അഹമ്മദിനായി കെ.പി.സി.സി നിർമ്മിച്ച വീടിൻെറ താക്കോൽദാനം യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ കൈമാറുന്നു

നെടുമ്പാശേരി: നിസാർ അഹമ്മദിൻെറ കുടുംബത്തിന് കെ.പി.സി.സി നിർമ്മിച്ച വീട് കൈമാറി. ശാരീരിക വൈകല്യമുള്ള മകളുൾപ്പെട്ട പറമ്പയം നടക്കപ്പറമ്പിൽ നിസാർ അഹമ്മദിന്റെ വീട് പ്രളയത്തിൽ തകർന്നതോടെ കെ.പി.സി.സിയുടെ 1000 വീട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീട് നിർമ്മിച്ചത്.

പ്രവാസിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ പറമ്പയം താനത്തുപറമ്പിൽ മുഹമ്മദ് ഷെഫിന്റെ സ്‌പോൺസർഷിപ്പിൽ ഏഴുലക്ഷം രൂപ ചെലവിൽ 580 സ്‌ക്വയർഫീറ്റുള്ള വീടാണ് നിർമ്മിച്ചത്. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ താക്കോൽദാനം നിർവഹിച്ചു. അൻവർസാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം ടി.എം. അബ്ദുൽഖാദർ പദ്ധതി വിശദീകരിച്ചു. കോൺട്രാക്ടർ എടത്തല സ്വദേശി കുഞ്ഞുമുഹമ്മദിന് ഉപഹാരം നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശേരി, ജില്ല പഞ്ചായത്തംഗം സരള മോഹനൻ, ബ്‌ളോക്ക് പഞ്ചായത്തംഗം രാജേഷ് മടത്തിമൂല, ഡി.സി.സി സെക്രട്ടറിമാരായ എം.ജെ.ജോമി, ഉണ്ണിക്കൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എം.എ ഷരീഫ് ഹാജി തുടങ്ങിയവർ സംസാരിച്ചു.