കൊച്ചി: ലുലു ഫാഷൻ വീക്കിന്റെ 'പ്രൈഡ് ഒഫ് കേരള' പുരസ്‌കാരം ഏറ്റുവാങ്ങി ആദ്യമായി ഫാഷൻ റാംപിൽ ചുവടുവച്ചു മഞ്ജുവാര്യർ. ലുലു മാളിൽ ഫാഷൻ വീക്കിന്റെ ഭാഗമായാണ് മഞ്ജുവാര്യർ അവാർഡ് ഏറ്റുവാങ്ങുവാൻ എത്തിയത്.
സംവിധായകൻ കമൽ മഞ്ജുവാര്യർക്ക് പുരസ്‌കാരം സമ്മാനിച്ചു. മമത മോഹൻദാസ് സ്റ്റൈൽ ഐക്കൺ ഒഫ് ദി ഇയർ പുരസ്‌കാരത്തിനും
കാളിദാസ് ജയറാം യൂത്ത് ഐക്കൺ പുരസ്കാരത്തിനും അർഹരായി. തെലുങ്ക് നടൻ അലു അർജുനന്റെ സഹോദരനും നടനുമായ അലു സിരീഷിനെ പ്രത്യേക ഫാഷൻ പുരസ്‌കാരം നൽകി ആദരിച്ചു. സിനിമ താരങ്ങളായ ഐശ്വര്യലക്ഷ്മി, രമേഷ് പിഷാരടി, ലെന, നേഹ സക്‌സേന, സാനീയ ഇയ്യപ്പൻ, സഞ്ജു ശിവറാം അനീക സുരേന്ദ്രൻ, സംഗീത സംവിധായകൻ ഗോപി സുന്ദർ, ഗായിക അഭയ ഹിരൺമായ്, എന്നിവർ ലുലു ഏർപ്പെടുത്തിയ വിവിധ ഫാഷൻ അവാർഡുകൾ വിതരണം ചെയ്തു.
ലുലു ഗ്രൂപ്പ് കമേഴ്‌സ്യൽ മാനേജർ സാദിക് കാസിം, ലുലു മാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ്‌സ്, ലുലു റീട്ടെയിൽ ജനറൽ മാനേജർ സുധീഷ് നായർ , ലുലു റീട്ടെയിൽ ബയിംഗ് ഹെഡ് ദാസ് ദാമോദരൻ, ലുലു മിഡീയ കോർഡിനേറ്റർ എൻ.ബി. സ്വരാജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
അഞ്ചു ദിവസങ്ങളിലായി 30 എക്‌സ്‌ക്ലൂസീവ് ഫാഷൻ ഷോകൾ നടക്കും. വസ്ത്ര വിപണിയിലെ പ്രമുഖ ബ്രാൻഡുകളാണ് പ്രധാന സ്‌പോൺസർമാർ. ലോക പ്രശസ്തനായ ഉത്സവ് ദൊലാഖിയാണ് കൊറിയോഗ്രാഫർ.