എൻ.ഐ.എ കസ്‌റ്റഡിയിൽ അഞ്ചുപേർ
ഇന്റലിജൻസ്, റോ ഉദ്യോഗസ്ഥരുമെത്തി
കൊച്ചി: ശ്രീലങ്കയിലെ ചാവേർ സ്‌ഫോടനങ്ങളുടെ മുഖ്യസൂത്രധാരനും നാഷണൽ തൗഹിദ് ജമാ അത്ത് നേതാവുമായിരുന്ന സഹ്‌റാൻ ഹാഷിമിന്റെ ആശയങ്ങളുമായി ചേർന്ന് കേരളത്തിലും തമിഴ്നാട്ടിലും മുപ്പതിലധികം ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തി. 20 ലക്ഷം പേർ അംഗങ്ങളാണെന്നാണ് ഇവരുടെ അവകാശവാദം.
സഹ്‌റാൻ കേരളത്തിലുൾപ്പെടെ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരശേഖരണം എൻ.ഐ.എ ആരംഭിച്ചു. അന്വേഷണത്തിന് നേതൃത്വം നൽകാൻ എൻ.ഐ.എ ഐ.ജി അലോക് മിത്തൽ കൊച്ചിയിലെത്തി. കേന്ദ്ര ഇന്റലിജൻസ് ഏജൻസി, റോ എന്നിവരുടെ പ്രത്യേക സംഘവും കൊച്ചിയിലുണ്ട്.
തങ്ങളുടെ സംഘടനകളുടെ പേരിനൊപ്പം 'തൗഹിദ് ജമാ അത്ത് " കൂട്ടിച്ചേർത്താണ് മുപ്പതിലധികം ഗ്രൂപ്പുകൾ രണ്ടു സംസ്ഥാനങ്ങളിലുമായി പ്രവർത്തിക്കുന്നത്. നാഷണൽ തൗഹിദ് ജമാ അത്തെന്നാണ് സഹ്‌റാന്റെ സംഘടനയുടെ പേര്. ഇന്ത്യയിലെ പ്രവർത്തനത്തിന് 'നാഷണൽ" ഒഴിവാക്കി പല നാമങ്ങൾ സ്വീകരിച്ചു.
തമിഴ്നാട്ടിലെ തീവ്രവാദ കേസുകളുടെ അന്വേഷണച്ചുമതലയും എൻ.ഐ.എ കൊച്ചി യൂണിറ്റാണ്. മൂന്ന് ഏജൻസികളും സംയുക്തമായി അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് കൊച്ചിയിൽ കേന്ദ്രീകരിച്ചിരിക്കുന്നത്. സഹ്‌റാൻ ആലുവ പാനായിക്കുളത്ത് താമസിച്ച് പ്രഭാഷണം നടത്തിയെന്ന വിവരവും പുറത്തുവന്നിരുന്നു.
പാനിയക്കുളം കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. തമിഴ്നാട്ടിൽ നിന്ന് ചില പ്രഭാഷണത്തിന് ഇവിടെ എത്തുമായിരുന്നെന്ന് സംഘടനയുമായി ബന്ധമുള്ള ചിലർ മൊഴി നൽകി. സഹ്‌റാൻ പേരു മാറ്റിയാണോ ഇവിടെ തങ്ങിയതെന്നും പരിശോധിക്കുന്നുണ്ട്.
കസ്‌റ്റഡിയിലുള്ളവരെ
ചോദ്യം ചെയ്യുന്നു
കഴിഞ്ഞ ദിവസം കാസർകോട്ടു നിന്ന് കസ്‌റ്റഡിയിലെടുത്ത അബൂബക്കർ സിദ്ദിഖ്, അഹമ്മദ് അറാഫത്ത്, പാലക്കാട് കൊല്ലംകോട് അക്കയ്‌നഗറിൽ റിയാസ് അബൂബക്കർ എന്നിവർ ഉൾപ്പെടെ അഞ്ചുപേരെ എൻ.ഐ.എ ചോദ്യം ചെയ്യുകയാണ്. ഇവർ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ സഹ്‌റാൻ ഹാഷിമുമായി ബന്ധം പുലർത്തിയിരുന്നു. എന്നാൽ സ്‌ഫോടനത്തിൽ ഇവരുടെ പങ്ക് കണ്ടെത്താനായിട്ടില്ല. ഐസിസിൽ ചേർന്ന കാസർകോട് സ്വദേശി അബ്‌ദുൾ റാഷിദുമായി ഇവർക്ക് അടുത്ത ബന്ധമുണ്ട്.
'പാനായിക്കുളം കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ല".
രാഹുൽ ആർ. നായർ,
ആലുവ റൂറൽ എസ്.പി