yacobite-church-conflict

കൊച്ചി : മലങ്കര യാക്കോബായ സഭയുടെ ഭരണം നിയന്ത്രിക്കുന്ന മെത്രാപ്പൊലീത്തൻ ട്രസ്റ്റി ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ സ്ഥാനം രാജിവയ്ക്കാൻ തയ്യാറാണെന്ന് അന്തോഖ്യയിലെ പാത്രിയാർക്കീസ് ബാവയെ വീണ്ടും അറിയിച്ചു. പള്ളികൾ സംബന്ധിച്ച കേസുകളിലെ തോൽവിയും സഭയ്ക്കുള്ളിലെ കലഹത്തെയും തുടർന്നാണ് അദ്ദേഹം രാജി സന്നദ്ധത അറിയിച്ചത്.

സഭാ ആസ്ഥാനമായ പുത്തൻകുരിശിലെ പാത്രിയാർക്ക സെന്ററിൽ മാനേജിംഗ് കമ്മിറ്റി യോഗം ഇന്നു ചേരാനിരിക്കെയാണ് കാതോലിക്ക ബാവ പാത്രിയാർക്കീസ് ബാവയ്ക്ക് കത്തയച്ചത്. മാനേജിംഗ് കമ്മിറ്റി ഉൾപ്പെടെ സഭയുടെ ഉന്നത സമിതികളിലേക്ക് ഈയിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ വിജയിച്ചവർ തനിക്കെതിരെ പ്രവർത്തിക്കുന്നു എന്നും കത്തിൽ പറയുന്നു.

ഓർത്തഡോക്സ് വിഭാഗവുമായി സുപ്രീംകോടതി വരെ നീണ്ട നിയമയുദ്ധത്തിന് പണം സമാഹരിച്ചതു സംബന്ധിച്ച് തനിക്കെതിരെ ഒരുവിഭാഗം ആരോപണങ്ങൾ ഉന്നയിക്കുന്നതായി ബാവ പറയുന്നു. സാമൂഹ്യമാദ്ധ്യമങ്ങളിലുൾപ്പെടെ ആരോപണങ്ങൾ ഉന്നയിച്ചു. തനിക്ക് വ്യക്തിപരമായി സ്വത്തുക്കളുണ്ടെന്ന പ്രചാരണം ശരിയല്ല. സ്വത്തുക്കൾ സഭയുടേതാണ്. തനിക്കെതിരെ ഭരണസമിതി അംഗങ്ങൾ ഗൂഢാലോചന നടത്തുകയാണ്.

 പുതിയ കാര്യമല്ലെന്ന് എതിർവിഭാഗം

രാജിസന്നദ്ധത പുതിയ കാര്യമല്ലെന്ന് എതിർവിഭാഗം പറയുന്നു. മുമ്പ് പലതവണ രാജിവയ്ക്കുമെന്ന് പറഞ്ഞെങ്കിലും നൽകിയിട്ടില്ല. പ്രതിഷേധം ഉയർന്നപ്പോഴാണ് വീണ്ടും കത്തയച്ചത്.

സഭയുടെ ഉന്നതാധികാര സമിതികളായ മാനേജിംഗ് കമ്മിറ്റി, വർക്കിംഗ് കമ്മിറ്റി, സുന്നഹദോസ് എന്നിവിടങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ ബാവ നിർദ്ദേശിച്ച സ്ഥാനാർത്ഥികൾ വിജയിച്ചില്ല. എന്നാൽ സമിതികൾക്ക് അധികാരമാറ്റത്തിന് ബാവ തയ്യാറായില്ല. മെത്രാപ്പൊലീത്തൻ ട്രസ്റ്റി സ്ഥാനത്തുനിന്ന് രാജിവയ്ക്കാൻ പാത്രിയാർക്കീസ് ബാവയ്ക്ക് കത്ത് നൽകേണ്ടതില്ല. സഭയിലാണ് രാജിവിവരം അറിയിക്കേണ്ടതെന്ന് എതിർ വിഭാഗം പറയുന്നു.

 പദവികൾ രണ്ട്

രണ്ടു പദവികളാണ് ബസേലിയോസ് തോമസ് പ്രഥമൻ ബാവ വഹിക്കുന്നത്. യാക്കോബായസഭയുടെ തലവൻ എന്നതാണ് കാതോലിക്ക ബാവ പദവി. ആത്മീയമായ പദവിയാണത്.

മെത്രാപ്പൊലീത്തൻ ട്രസ്റ്റി എന്നത് സഭയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും നിയന്ത്രിക്കുകയും ദൈനംദിന കാര്യങ്ങൾ നടത്തുകയും ചെയ്യുകയെന്ന ചുമതലയാണ്. അതിന് സഹായിക്കാനാണ് മാനേജിംഗ് കമ്മിറ്റിയും വർക്കിംഗ് കമ്മിറ്റിയും സുന്നഹദോസും മറ്റും.