കൊച്ചി: ജലന്ധർ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ സഹായിയായ വൈദികനിൽ നിന്ന് പഞ്ചാബ് പൊലീസ് പിടിച്ചെടുത്ത 16കോടി രൂപയിൽ നിന്ന് ഏഴ് കോടി രൂപ അടിച്ചുമാറ്റി മുങ്ങിയ അസി. സബ് ഇൻസ്‌പെക്‌ടർമാരായ പട്യാല സ്വദേശികളായ ജോഹിന്ദർ സിംഗ്, രാജ്പ്രീത് സിംഗ് എന്നിവരെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. ഇവർ ഫോർട്ട് കൊച്ചിയിലെ കാസാ ലിൻഡാ ഹോട്ടലിൽ ഒളിവിൽ കഴിയുകയായിരുന്നു.
പഞ്ചാബിലെ ലുധിയാനയിൽ നിന്നാണ് 16 കോടി രൂപയുമായി വൈദികൻ പിടിയിലായത്. ഒമ്പത് കോടി രൂപ മാത്രമാണ് മഹസറിൽ രേഖപ്പെടുത്തി ആദായനികുതി വകുപ്പിന് കൈമാറിയത്. ബാക്കി തുക ഇരുവരും അടിച്ചുമാറ്റി. തട്ടിപ്പ് കണ്ടുപിടിച്ചതോടെ സസ്‌പെൻഷനിലാകുകയും ഒളിവിൽ പോകുകയുമായിരുന്നു. ഇവരെ അടുത്ത ദിവസം പഞ്ചാബ് പൊലീസിന് കൈമാറും.
പ്രതികളെ ഏറ്റുവാങ്ങാൻ പഞ്ചാബ് പൊലീസ് കുറ്റാന്വേഷണ വിഭാഗം തലവൻ പ്രവീൺ കെ.സിൻഹ കൊച്ചിയിലേക്ക് തിരിച്ചു.
വ്യാജരേഖകളും വിലാസവും നൽകിയാണ് പ്രതികൾ ഹോട്ടലിൽ തങ്ങിയത്. അടുത്തിടെ സിറ്റി പൊലീസ് കമ്മിഷണർ നഗരത്തിലെ മുഴുവൻ ഹോട്ടൽ മാനേജർമാരെയും വിളിച്ചുവരുത്തി അസ്വാഭാവിക സാഹചര്യങ്ങളിൽ എത്തുന്നവരുടെ വിവരം നൽകണമെന്ന് നിർദ്ദേശിച്ചിരുന്നു. പഞ്ചാബികളെക്കുറിച്ച് സംശയം തോന്നിയ ഹോട്ടൽ അധികൃതർ പൊലീസിനെ അറിയിക്കുയായിരുന്നു. പണം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ പഞ്ചാബിൽ കെട്ടടങ്ങിയിട്ടില്ല. പിടിച്ചെടുത്ത പണം മുഴുവൻ കൈമാറിയില്ലെന്ന് ആദ്യം വെളിപ്പെടുത്തിയത് ആദായനികുതി വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗമായിരുന്നു. പിന്നീട് വൈദികനും കണക്കിൽ വ്യത്യാസമുണ്ടെന്ന് അറിയിച്ചു.