ആലുവ: എറണാകുളം ലോക് സഭാ മണ്ഡലത്തിൽപ്പെട്ട കളമശേരി നിയമസഭാമണ്ഡലത്തിലെ 83ാംനമ്പർ ബൂത്തിൽ 80.70 ശതമാനം പോളിംഗ്. രാവിലെ ഏഴിന് റീപോളിംഗ് ആരംഭിച്ചപ്പോൾ മുതൽ വോട്ട് രേഖപ്പെടുത്താൻ നീണ്ട നിരയായിരുന്നു.23ന് നടന്ന തിരഞ്ഞെടുപ്പിൽ 78.39 ശതമാനമായിരുന്നു പോളിംഗ്. 2.30 ശതമാനം വർദ്ധന.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. രാജീവ്, യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ, എൻ.ഡി.എ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം എന്നിവർഎത്തിയിരുന്നു.
ഇന്നലെ നടന്ന റീ പോളിംഗിൽ912 വോട്ടർമാരിൽ 736 പേർ വോട്ട് രേഖപ്പെടുത്തി. വോട്ടവകാശം വിനിയോഗിച്ചവരിൽ കൂടുതലും സ്ത്രീകളാണ്. 374 പേർ.കിഴക്കേ കടുങ്ങല്ലൂർ സഹകരണ ബാങ്ക് ഹാളിലായിരുന്നു പോളിംഗ് സ്റ്റേഷൻ.
ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറുടെ പരിചയ ക്കുറവാണ് റീ പോളിംഗിന് വഴിയൊരുക്കിയത്. വോട്ടെടുപ്പ് സമയം കഴിഞ്ഞപ്പോൾ സമ്മതിദാനം നിർവ്വഹിച്ചവരുടെ എണ്ണം 715ന് പകരം 758 എന്നാണ് വോട്ടിംഗ് യന്ത്രത്തിൽ കണ്ടെത്തിയത്. മോക്ക് പോളിംഗ് നടത്തിയപ്പോൾ രേഖപ്പെടുത്തിയ 43 വോട്ടുകൾ യന്ത്രത്തിൽ നിന്ന് നീക്കം ചെയ്യാൻ മറന്ന് പോയതാണ് കാരണം. രാഷ്ട്രീയ പാർട്ടികളുടെ പോളിംഗ് ഏജന്റുമാരും ഇക്കാര്യം ശ്രദ്ധിച്ചില്ല.