മറയൂർ: കനത്ത വേനൽ ചൂടിലും മലനിരകളിലെ കാട്ടുതീയിലും പെട്ട് അഞ്ചു നാട് ഉൾപ്പെടെയുള്ള ഹൈറേഞ്ച് മേഖല വരണ്ടുണങ്ങുകയാണ്. കാട്ടുതീ വ്യാപകമായതോടെ വന്യജീവികളുടെ നിലനിൽപ്പ് ഭീഷണിയായിമാറി. കരിമ്പ് അടക്കമുള്ള കൃഷികളെല്ലാം ഉണങ്ങി തുടങ്ങി. പുഴകൾ ശോഷിച്ചതിനാൽ കുടിവെള്ളത്തിനും കൃഷിക്ക് ജലസേചനത്തിനും ആവശ്യമായ വെള്ളം ലഭ്യമല്ല. പലയിടത്തും കുടിവെള്ളത്തിന് ജനം നെട്ടോട്ടമോടുകയാണ്. മറയൂർ, കാന്തല്ലൂർ മലനിരകളിൽ വ്യാപകമായി കാട്ടുതീ പടർന്നതോടുകൂടി ചെറു നീരുറവകൾ വറ്റി പാമ്പാർ, കന്നിയാർ, തീർത്ഥ മലയാർ, ചെങ്കലാർ തുടങ്ങിയ പ്രധാന പുഴകളെല്ലാം വറ്റിവരണ്ടു കഴിഞ്ഞു. ഈ പുഴകളും ചിന്നാർ മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ചിന്നാർ, മാങ്ങയാർ, തേനാർ പുഴകളുമാണ് തമിഴ്‌നാട് സംസ്ഥാനത്തെ അഞ്ചു ജില്ലകളിലെ പ്രധാന ജലസ്രോതസ്. അമരാവതി, തിരുമൂർത്തി ഡാമുകളിലാണ് ഈ പുഴകൾ പതിക്കുന്നത്. ഈ രണ്ടു ഡാമുകളിലും പത്തടി ജലം പോലും ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഈ ഡാമുകളിലെ ജലം ഉപയോഗിച്ചാണ് അഞ്ചു ജില്ലകളിലെ കൃഷി നടത്തുന്നത്. ആവശ്യത്തിന് ജലസേചനമില്ലാത്തതിനാൽ പച്ചക്കറിയടക്കമുള്ളവയുടെ വിളവ് പാതിയായി കുറഞ്ഞു. ഇത് വില വർദ്ധിക്കാനും കാരണമായി. ചെരിഞ്ഞ പ്രദേശമായതിനാൽ വെള്ളം സംഭരിച്ചു വയ്ക്കാനുള്ള യാതൊരു വിധ സംവിധാനവും ഇവിടെ ഇല്ല.
വറ്റിയ പുഴ പിഴിഞ്ഞ് തേയില കമ്പനികൾ
മറയൂർ: പതിനായിരകണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസും ആയിരക്കണക്കിന് ഹെക്ടറുകളിലെ കൃഷിക്കുള്ള ജലസേചനത്തിനും ആശ്രയിക്കുന്ന പാമ്പാർ വേനൽ ആരംഭത്തിൽ തന്നെ വറ്റിവരണ്ടു. എന്നാൽ ഇതിൽ ഒഴുകിയെത്തുന്ന അല്പജലം തേയില ചെടികൾ നനയ്ക്കുന്നതിനായി എടുക്കുന്നത് ജലക്ഷാമം രൂക്ഷമാകുന്നു. മൂന്നാർ പഞ്ചായത്തിലെ ആനമുടി, ഗുണ്ടുമല മലനിരകളിൽ നിന്നുമാണ് പാമ്പാർ ഉത്ഭവിക്കുന്നത്. ഇവിടെയുള്ള തേയില കമ്പനികളാണ് തേയില ഉണങ്ങാതിരിക്കാനായി ജലം എടുത്ത് സ്പ്രിംഗ്ളർ ഉപയോഗിച്ച് തളിക്കുന്നത്. മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലും തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളിലും പാമ്പാറിനെയാണ് ജലത്തിന് ആശ്രയിക്കുന്നത്.