തൊടുപുഴ: ശ്വാസകോശ രോഗികൾക്കും വായുജന്യ രോഗ ബാധിതർക്കും ആശ്വാസമായി ജില്ലയിൽ 'കഫ് കോർണർ പദ്ധതി' നടപ്പിലാക്കുന്നു. ആശുപത്രികളിൽ എത്തുന്ന ക്ഷയ ബാധിതരായ രോഗികളിൽ നിന്ന് മറ്റ് ആളുകളിലേക്ക് അസുഖം പകരുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ആരോഗ്യ കുടുബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന വ്യാപകമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാർ - സ്വകാര്യ മേഖലയിലെ ആശുപത്രികളിലൂടെയാണ് പദ്ധതി നടത്തിപ്പ്. ശ്വാസകോശ രോഗികൾക്കും വായുജന്യ രോഗ ബാധിതർക്കും ആശുപത്രികളിൽ നിന്ന് പ്രത്യേക ഐ.ഡി കാർഡ് നൽകും. അധികനേരം ക്യൂവിൽ നിൽക്കാതെ ഫാസ്റ്റ് ട്രാക്കിലൂടെ ഇവർക്ക് ഡോക്ടറെ എളുപ്പത്തിൽ കാണാൻ സൗകര്യം ഒരുക്കും. കിടപ്പ് രോഗികളാണെങ്കിൽ മറ്റ് രോഗികളുമായി കൂടുതൽ സമ്പർക്കം ഉണ്ടാവാതിരിക്കാൻ പ്രത്യേക മേഖലയായി വേർതിരിക്കും. ക്ഷയരോഗവുമായി സർക്കാർ - സ്വകാര്യ ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് ചികിത്സ പൂർണ്ണമായും സൗജന്യമായി ലഭ്യമാക്കും. രോഗിയുമായിട്ടുള്ള സമ്പർക്കമാണ് ക്ഷയരോഗം പകരുന്നതിന്റെ പ്രധാന കാരണമെന്നതിനാൽ എച്ച് 1, എൻ 1 ബാധിതർക്കും കഫ് കോർണറിലൂടെ പ്രത്യേകമായ പരിചരണവും ശ്രദ്ധയും നൽകും. ഇത്തരത്തിലുള്ള രോഗികൾ ആശുപത്രിയിൽ എത്തുമ്പോൾ പ്രത്യേക പരിശീലനം ലഭിച്ച നേഴ്‌സിന്റെ നേതൃത്വത്തിലുള്ള സംഘം ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകും. രോഗം പകരാതിരിക്കാൻ എയർ ബോൺ ഇൻഫെക്ഷൻ കൺട്രോൾ കിറ്റ് രോഗികൾക്ക് നൽകും. ജില്ലയിൽ പദ്ധതി നടപ്പിലാക്കുന്ന സ്വകാര്യമേഖലയിലെ ആശുപത്രികളുടെ തിരഞ്ഞെടുപ്പ് ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഉടൻ പൂർത്തിയാവും.

പദ്ധതി നടപ്പാക്കുന്ന സർക്കാർ ആശുപത്രികൾ

മെഡിക്കൽ കോളേജ്, പൈനാവ്

ജില്ലാ ആശുപത്രി, തൊടുപുഴ

താലൂക്ക് ആശുപത്രി, പീരുമേട്

താലൂക്ക് ആശുപത്രി, അടിമാലി

താലൂക്ക് ആശുപത്രി, കട്ടപ്പന

താലൂക്ക് ആശുപത്രി, നെടുങ്കണ്ടം