കുമളി: വെറുതെ കണ്ട വീഡിയോയും തമാശ മെസേജുകളും അയക്കാനുള്ളതാണ് പലർക്കും വാട്സ് ആപ്പ്. എന്നാൽ വാട്സ്ആപ്പു വഴി പൊതുജനങ്ങൾ ഉപകാരപ്രദമായ കാര്യങ്ങളും ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് കുമളിയിലെ ചായപ്പീടിക വാട്സ്ആപ്പ് ഗ്രൂപ്പ്. പേര് പോലെ കുമളിയിലെത്തുന്നവരുടെ ദാഹമകറ്റാനുള്ള പ്രവർത്തിയാണ് ഗ്രൂപ്പ് അംഗങ്ങൾ ചെയ്തത്. ചായയ്ക്ക് പകരം കുടിവെള്ളമാണന്ന് മാത്രം. പ്രതിദിനം ആയിരത്തിലധികം യാത്രക്കാർ വന്നുപോകുന്ന കുമളി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ വാട്ടർ ഡിസ്പൻസർ സ്ഥാപിക്കുകയാണ് വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മ ചെയ്തത്. കനത്തചൂടിൽ യാത്രക്കാർക്ക് ദാഹജലം ലഭ്യമാക്കുകയെന്ന ചിന്തയാണ് ഇതിന് പ്രേരകമായത്. ചൂട് വെള്ളവും തണുത്തവെള്ളവും ആവശ്യാനുസരണം ഉപയോഗിക്കാം. ഉപകരണത്തിന്റെ സമീപം ഡിസ്പോസിബിൾ ഗ്ലാസുകളും വച്ചിട്ടുണ്ട്. ചായപ്പീടിക ഗ്രൂപ്പിലെ അമ്പതോളം വരുന്ന അംഗങ്ങളിൽ നിന്ന് പണം ശേഖരിച്ചാണ് വാട്ടർ ഡിസ്പൻസർ സ്ഥാപിച്ചത്. കുമളിയിലെ പൊതു വിഷയങ്ങളിൽ ഇടപെടുകയും സന്നദ്ധ സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയുന്ന കൂട്ടായ്മ കൂടിയാണ് ചായപ്പീടിക.