പീരുമേട്: ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഗഡു വിതരണം പീരുമേട്, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിൽ ആരംഭിച്ചു. വണ്ടിപ്പെരിയാർ പഞ്ചായത്തിൽ 293 പേർക്കാണ് രണ്ടാം ഗഡു അനുവദിച്ചത്. ഇതിൽ 150 പേരുടെ അക്കൗണ്ടുകളിൽ പണം ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവർക്ക് അടുത്ത ദിവസങ്ങളിൽ ലഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. ജില്ലയിലെ വലിയ പഞ്ചായത്തുകളായ പീരുമേട്, വണ്ടിപ്പെരിയാർ എന്നീ പഞ്ചായത്തുകളിലാണ് ഏറ്റവും അധികം ലൈഫ് ഗുണഭോക്താക്കളുള്ളത്. ഇവരിൽ ഭൂരിഭാഗം പേർക്കും രണ്ടാം ഗഡു മുടങ്ങി കിടക്കുന്നത് സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. വണ്ടിപ്പെരിയാർ പഞ്ചായത്തിൽ 1218 പേരാണ് ലൈഫ് ഭവന പദ്ധതിയിൽ ഗുണഭോക്താക്കളായുള്ളത്. ഇതിൽ 985 പേർ കരാർ ചെയ്യുകയും ഇവരിൽ 830 പേർക്ക് ആദ്യ ഗഡു ലഭിക്കുകയും ചെയ്തിരുന്നു. നേരത്തെ 72 പേർക്ക് രണ്ടാം ഗഡു ലഭിച്ചിരുന്നു. പീരുമേട് പഞ്ചായത്തിൽ രണ്ടാം ഗഡു 250 പേർക്കാണ് ലഭിച്ചു തുടങ്ങിയിരിക്കുന്നത്. 491 പേരാണ് ഗുണഭോക്താക്കളായുള്ളത്. ഇതിൽ 410 പേർ കരാർ ചെയ്യുകയും 370 പേർക്ക് ആദ്യ ഗഡു ലഭിച്ചിരുന്നു. ഇതിൽ 32 പേർക്ക് നേരത്തെ തന്നെ രണ്ടാം ഗഡു ലഭിച്ചിട്ടുള്ളതാണ്. ഹഡ്‌കോയിൽ നിന്ന് ലഭിക്കുന്ന വായ്പാ തുക വൈകിയതാണ് രണ്ടാം ഗഡു വൈകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. നാല് ലക്ഷം രൂപയാണ് ലൈഫ് പദ്ധതിയിൽ വീട് നിർമ്മിക്കാൻ സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇതിൽ ആദ്യ ഗഡുവായി 40,000​ രൂപയാണ് നൽകുന്നത്. ഇതുപയോഗിച്ച് തറ കെട്ടി ഗ്രാമസേവകനെ കാണിച്ചാൽ മാത്രമേ രണ്ടാം ഗഡു നൽകൂ.