kattuthee

മറയൂർ: പശ്ചിമഘട്ട മലനിരകളിൽ ജൈവസമ്പന്നമായ മറയൂർ, കാന്തല്ലൂർ, വട്ടവട മേഖലകളിൽ കഴിഞ്ഞ മൂന്ന് ദിവസമായി നിയന്ത്രണാധീതമായി കാട്ടുതീ പടരുന്നു. ആയിരക്കണക്കിന് മൃഗങ്ങളും മരങ്ങളടുമടക്കം കോടികളുടെ വനസമ്പത്താണ് ഇതിനകം കത്തി നശിച്ചത്. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മിയുടെ നേതൃത്വത്തിലുള്ള അഗ്നിശമന സേനാ വിഭാഗങ്ങളുൾപ്പെടെയുള്ള അറുന്നൂറോളം പേരടങ്ങുന്ന സംഘം തീ നിയന്ത്രണ വിധേയമാക്കാൻ കഠിനശ്രമം നടത്തുന്നുണ്ട്. മറയൂർ, കാന്തല്ലൂർ മേഖലയിൽ നിയന്ത്രണ വിധേയമായി വരുന്നുണ്ടെങ്കിലും വട്ടവട, ജെണ്ടമല, പഴത്തോട്ടം, ഊർക്കാട് മേഖലയിലെ തീ നിയന്ത്രിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് നിയന്ത്രിക്കാനായില്ലെങ്കിൽ വിലമതിക്കാനാവാത്ത ജൈവസമ്പന്നമായ പാമ്പാടും ചോലയിലേക്കും മന്നവൻ ചോലയിലേക്കും തീ പടരും. മറയൂർ പഞ്ചായത്തിലെ കർപ്പൂരക്കുടി, കമ്മാളംകുടി, കരിമൂട്ടി, പുറവയൽ, കോരക്കടവ്, മുരുകൻമല, ചിന്നാറിലെ കത്തിതിട്ടാം മല എന്നിവിടങ്ങളിലെ അഞ്ഞൂറ് ഹെക്ടറിലധികം മരങ്ങളും പുൽമേടുകളും കത്തിനശിച്ചു. വൻ കൃഷി നാശവും ഉണ്ടായിട്ടുണ്ട്. കാന്തല്ലൂരിൽ ഒള്ളവയൽ, പെരടിപള്ളം, വെട്ടുക്കാട്, തീർത്ഥമല, ചാനൽ മേട് എന്നിവിടങ്ങളിലും കനത്ത നാശമാണ് ഉണ്ടായത്. ഇവിടെയും 600 ഹെക്ടർ സ്ഥലത്തെ വനഭൂമി കത്തി നശിച്ചു. മൂന്നാറിൽ പാമ്പൻമല, ചട്ടമൂന്നാർ, തലയാർ മലനിരകളിൽ തീ പടർന്നു. ഗ്രാന്റീസ് തോട്ടങ്ങളിലും തീ പടർന്നു. ഇവിടെ 200ലധികം ഹെക്ടറിലെ വനഭൂമി കത്തി നശിച്ചു.