joys
എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജിന് കുമളിയിൽ നൽകിയ സ്വീകരണം

ഇടുക്കി: അഡ്വ. ജോയ്‌സ് ജോർജിന് വൻ സ്വീകരണമൊരുക്കി പീരുമേട്ടിൽ തോട്ടം തൊഴിലാളികൾ. പഴവർഗങ്ങളും പൂക്കളും തലപ്പാവുമൊക്കെയായി ഹൃദ്യമായ വരവേൽപ്പാണ് തോട്ടം മേഖലയിലുടനീളം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ലഭിച്ചത്. നൂറുകണക്കിന് സ്ത്രീകൾ ആരതിയുഴിഞ്ഞ് സ്ഥാനാർത്ഥിയെ വരവേറ്റു. മലയാളത്തിലും തമിഴിലും എല്ലാവരോടും നന്ദി പറഞ്ഞാണ് സ്ഥാനാർത്ഥി മന്നോട്ടു നീങ്ങിയത്. രാവിലെ എട്ടിന് അണക്കരയിലായിരുന്നു തുടക്കം. ചക്കുപള്ളം പഞ്ചായത്തിൽ വൻ സ്വീകരണമാണ് ലഭിച്ചത്. തുടർന്ന് ടൂറിസം കേന്ദ്രമായ തേക്കടി ഉൾപ്പെടുന്ന കുമളിയിലും ആനവിലാസത്തും ചെങ്കരയിലും ഏലപ്പാറയിലും പ്രൗഢോജ്ജ്വലമായ സ്വീകരണം ഏറ്റുവാങ്ങി ഉപ്പുതറ പഞ്ചായത്തിലെ വളകോട് രാത്രി ഏറെ വൈകിയാണ് പര്യടനം അവസാനിച്ചത്.
ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ്ജ് തോമസ് പീരമേട് മണ്ഡലത്തിലെ പര്യടനം ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് നേതാക്കളായ ഇ.എസ്. ബിജിമോൾ എം.എൽ.എ, പി.എസ്. രാജൻ, ആർ. തിലകൻ, ജോസ് ഫിലിപ്, എം.ജെ. വാവച്ചൻ, ജോണി ചെരിവുപറമ്പിൽ, ആന്റണി ആലഞ്ചേരി, കെ.പി. സലീം, പി.സി. രാജൻ, മുഹമ്മദ് ഹുസൈൻ, ആന്റപ്പൻ എൻ. ജേക്കബ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

ജോയ്‌സ് ഇന്ന് ഇടുക്കിയിൽ
ജോയ്‌സ് ജോർജ് ഇന്ന് ഇടുക്കി മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ ഏഴിന് വാത്തിക്കുടി പഞ്ചായത്തിലെ മേലേചിന്നാറിൽ നിന്ന് പര്യടനം ആരംഭിക്കും. തുടർന്ന് കൊന്നത്തടി, കഞ്ഞിക്കുഴി, മരിയാപുരം, വാഴത്തോപ്പ് പഞ്ചായത്തുകളിൽ പര്യടനം നടത്തി വൈകിട്ട് ഏഴിന് ചെറുതോണി ടൗണിൽ സമാപിക്കും.