stand
ചെറുതോണി ബസ് സ്റ്റാന്റിന്റെ നിർമ്മാണം ആരംഭിച്ച നിലയിൽ

ചെറുതോണി: പ്രളയത്തെ തുടർന്ന് പാർക്കിംഗിന് പോലും സൗകര്യമില്ലാതായ ചെറുതോണിക്ക് ആശ്വാസമായി ബസ് സ്റ്റാൻഡ് നിർമ്മാണം ആരംഭിച്ചു. റോഷി അഗസ്റ്റിൻ എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് 65 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം നടത്തുന്നത്. 50ലക്ഷം രൂപ ബസ് പാർക്കിംഗ് ഏരിയ ക്രമീകരിക്കാനും 15ലക്ഷം രൂപ വെയ്‌റ്റിംഗ് ഷെഡ്, ടോയ്‌ലറ്റ് എന്നിവയുടെ നിർമ്മാണത്തിനുമാണ്. ഇതോടൊപ്പം രണ്ടാം ഘട്ട നിർമ്മാണത്തിനായി 50 ലക്ഷം രൂപ കൂടി എം.എൽ.എ അനുവദിച്ചിട്ടുണ്ട്. ചെറുതോണി പൊലീസ് സ്റ്റേഷന്റെ പരിസരത്തായി ജില്ലാ പഞ്ചായത്ത് ഭൂമിയിലാണ് ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ ഒന്നാം ഘട്ട നിർമ്മാണം പൂർത്തീകരിക്കും. തറ കോൺക്രീറ്റ് ചെയ്യാനാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. രണ്ടാം ഘട്ട നിർമ്മാണത്തിൽ ബൈപാസ് റോഡും നിർമ്മിച്ച് സ്റ്റാൻഡിന് വീതി കൂട്ടും. ജില്ലാ പഞ്ചായത്ത് മുഖേനയാണ് നിർമ്മാണപ്രവർത്തനം നടത്തുന്നത്.