പീരുമേട്: നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് മൃതദേഹവുമായി എത്തിയ ആംബുലൻസുമായി കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്. ആംബുലൻസിലുണ്ടായിരുന്ന നെടുങ്കണ്ടം കൂട്ടാർ സ്വദേശികളായ രാജൻ (53), വിജയമ്മ (48), സരസമ്മ(53), ആംബുലൻസ് ഡ്രൈവർ അനീഷ് (30) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ ദേശീയപാത 183ൽ നാൽപ്പതാം മൈൽ കടുവാപ്പാറയ്ക്ക് സമീപമായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കട്ടപ്പനയിലേക്ക് മൃതദേഹവുമായി എത്തിയ ആംബുലൻസിലേക്ക് കുട്ടിക്കാനം ഭാഗത്ത് നിന്ന് ഇറക്കം ഇറങ്ങി വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചു കയറുകയായിരുന്നു. 10 മീറ്ററോളം ആംബുലൻസിനെ വലിച്ചു കൊണ്ടു പോയ ശേഷമാണ് കെ.എസ്.ആർ.ടി.സി ബസ് നിന്നത്. പരിക്കേറ്റവരെ ഇടിച്ച ബസിൽ തന്നെ കാഞ്ഞിരപ്പള്ളിയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. കട്ടപ്പനയിൽ നിന്ന് മറ്റൊരു ആംബുലൻസ് എത്തിച്ചാണ് മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോയത്.