ചെറുതോണി: എൻ.ഡി.എ സ്ഥാനാർഥി ബിജു കൃഷ്ണൻ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എം. വേലായുധൻ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് പി. രാജൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമൾ, സംസ്ഥാന സമിതി അംഗങ്ങളായ ശ്രീനഗരി രാജൻ, എൻ.ഡി.എ ജില്ലാ കൺവീനർ പി.എ. വേലുക്കുട്ടൻ എന്നിവരെ കൂടാതെ പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. വിജയം എൻ.ഡി.എയ്ക്കൊപ്പം ആകുമെന്നും ബിജു കൃഷ്ണൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മോഡി സർക്കാരിന്റെ സഹായ പദ്ധതികൾ താഴെത്തട്ടിലെ ജനങ്ങൾക്കിടയിൽ വരെയെത്തിപ്പെട്ടതിന് തെളിവാണ് മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ പ്രചരണ യാത്രയിലുടനീളം തനിക്കു കിട്ടിയ ജനസ്വീകാര്യതയെന്ന് അദ്ദേഹം പറഞ്ഞു. പിന്നാക്ക ജില്ലയായ ഇടുക്കിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഇടതുവലതു മുന്നണികൾ തികഞ്ഞ അലംഭാവമാണ് പ്രകടിപ്പിക്കുന്നത്. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ സുരക്ഷയ്ക്കും സമഗ്ര വികസനത്തിനും നരേന്ദ്രമോഡി സർക്കാർ വീണ്ടും അധികാരത്തിൽ എത്തണമെന്ന് തന്നെയാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.