പീരുമേട്: മുള്ളൻ പന്നിയെ കുരുക്കിട്ട് പിടിച്ച യുവാവിനെ വനപാലകർ പിടികൂടി. പാമ്പനാർ ഗ്ലെൻമേരി സ്വദേശി പ്രിൻസിനെയാണ് (33) വള്ളക്കടവ് റേഞ്ച് ഓഫീസർ സി. അജയന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നു ഞായറാഴ്ച രാത്രിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായാണ് വനപാലകർ പറയുന്നത്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. മുറിഞ്ഞപുഴ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഡി. ബെന്നി, എസ്.എഫ്.ഒമാരായ ടി.ആർ. സുരേഷ്, ബൈജു ചെട്ടിയാർ, ബി.എഫ്.ഒ.മാരായ എസ്. രാജഗോപാൽ, കെ.എൻ. വിജയൻ, എം.പി. അനീഷ്, ആർ. അരുൺ ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പക്കൽ നിന്ന് അഞ്ച് ലിറ്റർ വിദേശ മദ്യവും വനപാലകർ പിടികൂടി. ഈ കേസ് എക്‌സൈസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.