jayapal
കഞ്ചാവുമായി പിടിയിലായ ജയബാൽ അറിവഴകൻ

രാജാക്കാട്: കേരളത്തിലേയ്ക്ക് കടത്താൻ ശ്രമിച്ച 365 ഗ്രാം കഞ്ചാവുമായി തമിഴ്‌നാട്ടിൽ പോക്‌സോ കേസിൽ പ്രതിയായ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കമ്പം സുബ്രമണ്യൻ കോവിൽ ജയബാൽ അറിവഴകനാണ് (27) ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഓഫീസ് എക്‌സൈസ് ഇൻസ്‌പെക്ടർ ജി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിർത്തി പ്രദേശങ്ങളിൽ എക്‌സൈസ് സംഘം പ്രത്യേക നിരീക്ഷണം നടത്തുന്നതിനിടെ തണ്ണിവളവിൽ നിന്ന് നെടുങ്കണ്ടം റോഡിലേക്ക് കാട്ടിലൂടെ നടന്ന് വരികയായിരുന്ന ഇയാളെ തടഞ്ഞുനിറുത്തി പരിശോധിച്ചപ്പോൾ കൈവശം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പിടിയിലാകാതിരിക്കാൻ സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. ചെക് പോസ്റ്റിൽ പിടിക്കപ്പെടാതിരിക്കാനാണ് കാട്ടുപാതയിലൂടെ വന്നത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ എം.പി പ്രമോദ്, കെ.ആർ. ബാലൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ലിജോ ജോസഫ്, ജിബിൻ ജോസഫ്, എം.ആർ. രതീഷ് കുമാർ, കെ. ഷനേജ്, കെ.എസ് അനൂപ്, പി.സി റജി എന്നിവർ പങ്കെടുത്തു.