രാജാക്കാട്: ഡ്രൈ ഡേ ദിനത്തിൽ എക്‌സൈസിന്റെ ഉടുമ്പൻചോല റേഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ രണ്ട് വ്യതസ്ത കേസുകളിലായി അനധികൃതമായി മദ്യവിൽപ്പന നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇരട്ടയാർ പാറക്കോണത്ത് രാജേന്ദ്രൻ (57), ബാലൻ പിള്ളസിറ്റി ഇടത്തറയിൽ കുഞ്ഞുമോൻ എന്ന അസൈനാർ (66) എന്നിവരാണ് എക്‌സൈസ് ഇൻസ്‌പെക്ടർ ജി.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 7.75 ലിറ്റർ വിദേശമദ്യം ഇരുവരിൽ നിന്നും കണ്ടെടുത്തു.

രാജേന്ദ്രൻ നടത്തുന്ന ആക്രിക്കടയിൽ നടത്തിയ റെയ്ഡിൽ അഞ്ച് ലിറ്റർ വിദേശമദ്യം കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നതാണെന്ന് മൊഴി നൽകി. വിൽപ്പന നടത്തുന്നതിനിടെയായിരുന്നു അസൈനാരെ അറസ്റ്റ് ചെയ്തത്. ഡ്രൈഡേ ആയതിനാൽ ഉയർന്ന നിരക്കിൽ ആവശ്യക്കാർക്ക് വിൽപ്പന നടത്തിവരികയായിരുന്നു ഇരുവരും. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. എക്‌സൈസ് കമ്മിഷണർക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ആഫീസർമാരായ വിനേഷ്, പ്രകാശ്, സേവ്യർ, സി.ഇ.ഒമാരായ ശശീന്ദ്രൻ, ശശികുമാർ, ജോഷി, രാധാകൃഷ്ണൻ, ഷിയാദ്, ഷിബു, ജോഫിൻ, തുളസീധരൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.