കുമളി: ഡ്രൈഡേ പ്രമാണിച്ച് ഹോട്ടലിൽ അനധികൃതമായി മദ്യം വിറ്റയാളെ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കുമളി അട്ടപ്പള്ളം സ്വദേശി ഗോപിനാഥിനെയാണ് (54) പിടികൂടിയത്. ഇയാളുടെ പക്കൽനിന്ന് ആറരലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു. ഒന്നാം തീയതി മദ്യനിരോധനമുള്ള ദിവസമായിട്ടും ഹോട്ടൽ കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടക്കുന്നതായി എക്സൈസിന് കിട്ടിയ രഹസ്യവിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ നാളുകളായി ഇവിടെ അനധികൃത മദ്യവിൽപ്പന നടക്കുകയായിരുന്നെന്നാണ് വിവരം. സമീപത്തുതന്നെയുള്ള സർക്കാർ മദ്യവിൽപ്പനശാലയ്ക്ക് അവധിയുള്ള ദിവസങ്ങളിലും വൈകിട്ട് മദ്യശാല അടച്ചതിന് ശേഷവും ആവശ്യക്കാർക്ക് ഈ ഹോട്ടലിൽ നിന്ന് മദ്യം ലഭിക്കുമായിരുന്നു. ഹൈറേഞ്ചിൽ സർക്കാർ മദ്യശാലകൾക്ക് സമീപം പ്രവർത്തിക്കുന്ന പല ഹോട്ടലുകളിലും ഇത്തരത്തിൽ അനധികൃത മദ്യവ്യാപാരം നടക്കുന്നുണ്ട്. ഇതിന് കടയിലെ ജീവനക്കാർക്കും പങ്കുള്ളതായണ് പറയപ്പെടുന്നത്. രാത്രിയിൽ ബിവറേജസ് ഷോപ്പ് അടയ്ക്കുമ്പോൾ കുറേമദ്യം ഹോട്ടൽ ഉടമയെ ഏൽപ്പിക്കും. ഇത് രാത്രിയിൽ ആവശ്യക്കാർക്ക് വിറ്റ് കിട്ടുന്ന പണം പിറ്റേന്ന് രാവിലെ കട തുറക്കുമ്പോൾ ജീവനക്കാരെ ഏൽപ്പിച്ച് കണക്ക് തീർക്കുക എന്നതാണ് വ്യവസ്ഥ. സാധരണയിലും ഇരിട്ടിവിലയ്ക്കാണ് ആ സമയത്തെ വിൽപ്പന. തിരഞ്ഞെടുപ്പ് കാലമായതിനാൽ രാത്രി മദ്യത്തിന് ആവശ്യക്കാർ ഏറെയുണ്ടെന്നതിനാൽ ഇപ്പോൾ ഇത്തരം കടകളിൽ ചാകരക്കൊയ്ത്താണ്. രാഷ്ട്രീയ നേതാക്കളുടെ പിന്തുണയുള്ളതുകൊണ്ട് പിടിക്കപ്പെടില്ല എന്നതാണ് ഇവരുടെ ധൈര്യം.
ഇന്നലെ അട്ടപ്പള്ളത്തെ ഹോട്ടലുടമയെ മദ്യവുമായി അറസ്റ്റ് ചെയ്ത ഉടൻ ചില നേതാക്കൾ ഇടപെട്ട് ജാമ്യത്തിലിറക്കാൻ ശ്രമിച്ചിരുന്നു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ഹാപ്പിമോൻ ഉൾപ്പെട്ട സംഘമാണ് റെയ്ഡ് നടത്തിയത്. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.