തൊടുപുഴ: നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനു മന്നോടിയായി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ് തൊടുപുഴ, കോതമംഗലം, മൂവാറ്റുപുഴ മേഖലകളിൽ പരിചയക്കാരുടെ പിന്തുണ തേടിയെത്തി. മേഖലയിലെ ആരാധനാലയങ്ങളിലും സന്യാസി മഠങ്ങളിലും സ്ഥാനാർത്ഥി അനുഗ്രഹം തേടി. തൊടുപുഴ രാജീവ് ഭവനിൽ കെ.എസ്.യു മുൻ ഇടുക്കി ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണ ചടങ്ങിലും പങ്കെടുത്ത ശേഷം മുട്ടം, മൂവാറ്റുപുഴ കോടതികളിലും സന്ദർശനം നടത്തി അഭിഭാഷകരുടെയും കോടതി ജീവനക്കാരുടെയും പിന്തുണ അഭ്യർത്ഥിച്ചു. മൂവാറ്റുപുഴ കോടതിയിലെ അഭിഭാഷകർ തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക സ്ഥാനാർത്ഥിക്ക് കൈമാറി. തുടർന്ന് മൂവാറ്റുപുഴ ഡെന്റൽ കെയർ ലാബിലെത്തിയ സ്ഥാനാർത്ഥിക്ക് ആവേശകരമായ സ്വീകരണമാണ്

ലഭിച്ചത്. ഡെന്റൽ കെയർ ലാബ് എം.ഡി ജോൺ കുര്യാക്കോസിന്റെ നേതൃത്വത്തിൽ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. മൂവായിരത്തോളം ജീവനക്കാരെ നേരിൽ കണ്ട് സ്ഥാനാർത്ഥി പിന്തുണ അഭ്യർത്ഥിച്ചു.
യു.ഡി.എഫ് നേതാക്കളായ ജോസഫ് വാഴയ്ക്കൻ, ജോണി നെല്ലൂർ, ജയ്‌സൺ ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു. അമ്മയുടെ സുഹൃത്തിന്റെ മർദനമേറ്റ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന കുമാരമംഗലം സ്വദേശിയായ ഏഴുവയസുകാരനെ സന്ദർശിക്കാനും സമയം കണ്ടെത്തി.
തുടർന്നു കോതമംഗലത്തെയും മൂവാറ്റുപുഴയിലെയും വ്യാപാര സ്ഥാപനങ്ങളിലും സൗഹൃദ സന്ദർശനം നടത്തി.

ഡീൻ കുര്യാക്കോസ് ഇന്ന് പത്രിക സമർപ്പിക്കും

ഇടുക്കി: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 10 നു ഇടുക്കി ഡി.സി.സി ഓഫീസിൽ നിന്ന് മുതിർന്ന നേതാക്കളുടെ ഒപ്പം എത്തിയായിരിക്കും വരണാധികാരി കൂടിയായ ജില്ലാ കളക്ടർക്ക് മുമ്പാകെ പത്രിക സമർപ്പിക്കുക.