തൊടുപുഴ: മാലിന്യക്കൂമ്പാരമായ മുട്ടം പരപ്പാൻ തോട് വൃത്തിയാക്കാൻ കോടതി ഇടപെടുന്നു.

മുട്ടം, തിടനാട്, മേലുകാവ്, കരിങ്കുന്നം എന്നീ പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന തോട്ടിൽ മാലിന്യങ്ങൾ നിറഞ്ഞ് ദുർഗന്ധം വമിക്കുന്നതായി ജില്ലാലീഗൽ സർവ്വീസ് അതോറിറ്റിക്ക് പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് തോട് വൃത്തിയാക്കാൻ കോടതിയുടെ ഇടപെടൽ ഉണ്ടായത്. ഇലവീഴാപൂഞ്ചിറ, നീലൂർ എന്നീ രണ്ട് പ്രദേശങ്ങളിൽ നിന്ന് ആരംഭിക്കുന്ന കൈത്തോടുകളാണ് മുട്ടം പരപ്പാൻ തോട്. പൂഞ്ചിറയിൽ നിന്ന് ആരംഭിക്കുന്ന കൈത്തോട് വടക്കുംമേട്, തോണിക്കല്ല്, കുഴിയനാൽ കുതിരക്കടവ് പ്രദേശങ്ങളിലൂടെയും നീലൂരിൽ നിന്ന് ആരംഭിക്കുന്നത് പുറവിള, കരിമ്പാനി, തുടങ്ങനാട്, ചള്ളാവയൽ പ്രദേശങ്ങളിലൂടെയും കടന്ന് കാക്കൊമ്പിലുള്ള ആനക്കയം ഭാഗത്താണ് സംഗമിക്കുന്നത്. ഇവിടെ നിന്നാണ് തോട്ടുങ്കര വഴി മലങ്കര ഹില്ലി അക്ക്വാ ഫാക്ടറിക്ക് സമീപത്തുകൂടെ ഒഴുകി തൊടുപുഴയാറ്റിൽ അവസാനിക്കുന്നത്. തോട് കടന്നുപോകുന്ന കുതിരക്കടവ്, പാറക്കടവ്, തോട്ടുങ്കര, അമ്പലക്കടവ്, കോടതിക്കടവ് പ്രദേശങ്ങളിലെല്ലാം മാലിന്യങ്ങൾ നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന അഴുക്ക വെള്ളം കെട്ടിക്കിടക്കുകയാണ് . കിലോ മീറ്ററുകളോളം ദൂരത്തിൽ തോടിന്റെ ഇരുകരകളിലും താമസിക്കുന്ന ആയിരക്കണക്കിന് ജനങ്ങളെ ഇത് ദോഷകരമായി ബാധിക്കുന്നുണ്ട്. പരാതി ലഭിച്ചതിനെത്തുടർന്ന ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ദിനേശ് എം പിള്ള, മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ മനോഹർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദർശിച്ചു .ആയിരക്കണക്കിന് ആളുകൾ കുളിക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന തോടിന്റെ ദുരവസ്ഥ നേരിൽക്കണ്ട സബ് ജഡ്ജ് തോട്ടിൽ നിറഞ്ഞ് കിടക്കുന്ന മാലിന്യങ്ങൾ അടിയന്തിരമായി നീക്കം ചെയ്യാനും വെള്ളം മലിനപ്പെടുന്നത് തടയാൻ കർമ്മ പദ്ധതി തയ്യാറാക്കാനും പഞ്ചായത്ത് പ്രസിഡന്റിനും ഹരിത കേരളം മിഷനും നിർദേശം നൽകുകയായിരുന്നു.