ഇടുക്കി : ഇടുക്കി ലോക്സഭ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ് ജില്ലാ വരണാധികാരിയായ കലക്ടർ എച്ച്. ദിനേശൻ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. കെട്ടി വയ്‌ക്കേണ്ട 25000 രൂപ പണമായി പത്രികയോടൊപ്പം നല്കി. പി.ജെ. ജോസഫ് എം.എൽ.എ, അഡ്വ. യു.ഡി.എഫ് ജില്ല ചെയർമാൻ എസ്. അശോകൻ, ജോണി നെല്ലൂർ, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുയിരുന്നു.
എ.ഡി.എം അനിൽ ഉമ്മൻ, ജില്ലാ ലോ ഓഫീസർ ജോഷി തോമസ് എന്നിവർ പങ്കെടുത്തു. ഇതോടെ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ ഇതുവരെ നാല് സ്ഥാനാർത്ഥികളാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. നാമനിർദ്ദേശപത്രിക സമർപ്പണത്തിൽ മുസ്ലീം ലീഗ് നേതാക്കളെ ഒഴിവാക്കിയെന്ന് ആക്ഷേപവുമുണ്ടായി.
ഡീൻ കുര്യാക്കോസ് പത്രിക നൽകിയത് സത്യവാങ്മൂലം നൽകാതെ
ചെറുതോണി : യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് സത്യവാങ്മൂലം നൽകാതെ. ഹർത്താൽ നടത്തിയതുമായി ബന്ധപ്പെട്ട് മാത്രം ഡീൻ കുര്യാക്കോസിന് 194 കേസുകളാണ് ഉള്ളത്. മറ്റ് കേസുകൾ വേറെയും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നൽകാതിരുന്നത്. എന്നാൽ സത്യവാങ്മൂലം സമർപ്പിക്കാൻ വരണാധികാരിയായ ജില്ലാ കളക്ടർ 24 മണിക്കൂർ സമയം അനുവദിച്ചു. ഇന്ന് രാവിലെ 11.10 ന് മുമ്പായി സത്യവാങ്മൂലം സമർപ്പിക്കണം.