ചെറുതോണി : പി.ടി. തോമസ് എം.എൽ.എ യെ പരോക്ഷമായി വിമർശിച്ചും പരിസ്ഥിതി വിവാദം കുത്തിപ്പൊക്കിയും ജോയിസ് ജോർജിന്റെ ജനസമ്പർക്ക പരിപാടി.

എറണാകുളത്തും തൃക്കാക്കരയിലുമിരുന്ന് ചില രാഷ്ട്രീയ തമ്പുരാക്കന്മാരും കപടപരിസ്ഥിതി സംഘടനാനേതാക്കളും ചേർന്ന് ഇടുക്കിക്കാർക്ക് മേൽ റിമോട്ട് കൺട്രോൾ ഭരണം നടത്താനുള്ള നീക്കം അനുവദിക്കില്ലെന്നായിരുന്നു എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിന്റെ പരാമർശം. ഇടുക്കിയിൽ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച കോർണർ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരെ നിന്നതിന്റെ പേരിൽ കഴിഞ്ഞ അഞ്ച് വർഷവും വൈര്യനിരാതന ബുദ്ധിയോടെ ചിലർ തന്നെയും കുടുംബത്തെയും വേട്ടയാടുകയായിരുന്നു. ഇടുക്കിക്കാരുടെ മനസിൽനിന്ന് കുടിയിറക്കപ്പെടുകയും മെട്രോനഗരത്തിൽ രാഷ്ട്രീയ അഭയം തേടുകയും ചെയ്തവർ ഇടുക്കിക്കാരോടുള്ള വൈരാഗ്യം പകയുടെ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു. കേരളത്തിൽനിന്ന് എട്ട് കോൺഗ്രസ് മന്ത്രിമാരും 16 എം.പിമാരും യു.ഡി.എഫിന് ഉണ്ടായിരുന്നപ്പോഴാണ് ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുകൾ ഇടുക്കിയിലെ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചത്. ഇപ്പോൾ ശിഷ്യന്മാരെ ഉപയോഗിച്ച് എറണാകുളത്തിരുന്ന് ഇടുക്കിയിലെ ചില റിപ്പോർട്ടുകൾ നടപ്പിലാക്കാമെന്ന വ്യാമോഹത്തിലാണ് ഇക്കൂട്ടർ. റിമോട്ട് കൺട്രോൾ ഭരണ വ്യാമോഹത്തിനെതിരെ ഇടുക്കിയിലെ ജനങ്ങൾ അണിനിരന്നു കഴിഞ്ഞുവെന്നും ജോയ്സ് ജോർജ് പറഞ്ഞു.

കൊന്നത്തടി, വാത്തിക്കുടി പഞ്ചായത്തുകളുടെ അതിർത്തി കേന്ദ്രമായ മേലേ ചിന്നാറിൽനിന്നായിരുന്നു പര്യടനത്തിന് തുടക്കം. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി. വി വർഗീസ് പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ചെമ്പകപ്പാറ, പെരിഞ്ചാംകുട്ടി, മങ്കുവ, കമ്പിളികണ്ടം, പാറത്തോട്, മുനിയറ, കീരിത്തോട്, കഞ്ഞിക്കുഴി, കരിമ്പൻ, മരിയാപുരം, വാഴത്തോപ്പ്, തടിയമ്പാട് എന്നിവിടങ്ങളിൽ പര്യടനം നടത്തി ചെറുതോണിയിൽ സമാപിച്ചു. നിശ്ചയിച്ചുറപ്പിച്ചതിലും മൂന്ന് മണിക്കൂർ വൈകിയാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തിച്ചേർന്നത്. ജില്ലാ ആസ്ഥാനത്തെ സമീപപ്രദേശമായ കാർഷിക പഞ്ചായത്തുകളിൽ വൻ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. എൽ.ഡി.എഫ് നേതാക്കളായ മാത്യു വർഗീസ്, എൻ.വി ബേബി, റോമിയോ സെബാസ്റ്റ്യൻ, അനിൽ കൂവപ്ലാക്കൽ, നോബിൾ ജോസഫ്, എം.കെ പ്രിയൻ, പി.ബി സബീഷ്, സിനോജ് വള്ളാടി, സി.എം അസീസ്, സണ്ണി ഇല്ലിക്കൽ, ലിസമ്മ സാജൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

ജോയ്സ് ജോർജ് ഇന്ന് അടിമാലിയിലും നാളെ മൂവാറ്റുപുഴയിലും

ചെറുതോണി : ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണയുള്ള എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ് ഇന്ന് ദേവികുളം മണ്ഡലത്തിലെ അടിമാലി മേഖലയിൽ പര്യടനം നടത്തും. രാവിലെ 7ന് ഇരുമ്പുപാലത്താണ് തുടക്കം. ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പര്യടന പരിപാടി ഉദ്ഘാടനം ചെയ്യും. അടിമാലി പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തിയ ശേഷം വെള്ളത്തൂവൽ, ബൈസൺവാലി പഞ്ചായത്തുകൾ കടന്ന് മാങ്കുളത്ത് പര്യടനം സമാപിക്കും.