ഇടുക്കി : കേരളത്തിലെ ഇടതു- വലത് മുന്നണികളുടെ രാഷ്ട്രീയ നാടകങ്ങൾക്ക് ഈ തിരഞ്ഞെടുപ്പോടെ തിരശീല വീഴുമെന്ന് എൻഡിഎ സ്ഥാനാർത്ഥി ബിജുകൃഷ്ണൻ പറഞ്ഞു. ഉടുമ്പൻചോലയിലും ദേവികുളത്തും തിരഞ്ഞെടുപ്പ് മണ്ഡലം കൺവെൻഷനുകളിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ഇരു മുന്നണികളും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഇപ്പോഴും പ്രഖ്യാപനങ്ങളായിത്തന്നെ തുടരുകയാണ്. ഇതുവരെ നടപ്പിലാക്കാത്ത പദ്ധതികളുടെ പേരിൽ വോട്ടു പിടിക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷം ജനങ്ങളെ വഞ്ചിക്കുകയാണ്. അക്രമരാഷ്ട്രീയത്തിലൂടെ ജനങ്ങളെ തമ്മിലടിപ്പിക്കുകയും ചേരിതിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഇടതുമുന്നണിയും തിരഞ്ഞെടുപ്പുകാലത്ത് മാത്രം പ്രതികരിക്കുന്ന യു.ഡി.എഫും ചേർന്നു നടത്തുന്ന രാഷ്ട്രീയ നാടകങ്ങളാണ് കേരളത്തിൽ അരങ്ങേറുന്നത്. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ വിജയം സുനിശ്ചിതമാണന്ന് കണ്ടപ്പോൾ പരാജയഭീതി മൂലം ഇരുമുന്നണികളും ഒത്തുതീർപ്പു രാഷ്ട്രീയം കളിക്കുകയാണ്. ഇടതുമുന്നണിയുടെ ഇരട്ടത്താപ്പ് നയങ്ങളും അതിനെ നിശബ്ദമായി പിന്തുണയ്ക്കുന്ന വലത് മുന്നണിയുമാണ് നാടിന്റെ ശാപം. നവോത്ഥാനമൂല്യങ്ങൾ പറഞ്ഞുനടക്കുന്ന പിണറായി സർക്കാർ നവോത്ഥാന മതിലിനെ മറവിൽ നടന്ന സ്ത്രീ പീഡനങ്ങൾക്കു കൂടി മറുപടി പറയാൻ ബാധ്യസ്ഥരാണ്. ജനങ്ങൾ മാറി ചിന്തിക്കാൻ തുടങ്ങി എന്നതിനു തെളിവാണ് തനിക്ക് ലഭിക്കുന്ന ജനസ്വീകാര്യത എന്നും ബിജു കൃഷ്ണൻ പറഞ്ഞു. ദേവികുളത്ത് ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി കെ ഡി രമേശ്, ഉടുമ്പൻചോലയിൽ തമിഴ്നാട് സ്റ്റേറ്റ് സെക്രട്ടറി ശ്രീനിവാസൻ എന്നിവർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.