ഇടുക്കി: ലോക്സഭതിരഞ്ഞെടുപ്പ് ചൂടിനിടെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ നികുതിപിരിവിന് ശുഷ്കാന്തി കുറഞ്ഞു. ജില്ലയിലെ ഭൂരിപക്ഷം പഞ്ചായത്തുകളും ഇത്തവണ മോശം പ്രകടനമാണ് കഴ്ചവച്ചത്. 8 പഞ്ചായത്തുകൾ മാത്രമാണ് മാർച്ച് 31 ന് നികുതി പിരിവിൽ നൂറുമേനി കൈവരിച്ചത്. ആകെയുള്ള രണ്ട് മുനിസിപ്പാലിറ്റികളും ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും ശരാശരി നിലവാരത്തിലും താഴെയായി.
മാർച്ച് 31 വരെ ലഭ്യമായ കണക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ഇന്നലെ പ്രസിദ്ധീകരിച്ച പട്ടികപ്രകാരം അയ്യപ്പൻകോവിൽ, ഇടമലക്കുടി, കരിങ്കുന്നം, മരിയാപുരം, പള്ളിവാസൽ, പാമ്പാടുംപാറ, വെള്ളത്തൂവൽ, വെള്ളിയാമറ്റം പഞ്ചായത്തുകൾ മാത്രമാണ് നികുതി പിരിവിൽ 100 ശതാമനം നേട്ടം കൈവരിച്ചത്.
തനതുവരുമാനത്തിന്റെ കാര്യത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തുള്ള കുമളി ഗ്രാമപഞ്ചായത്തിന് 77.65 ശതമാനം തുക മാത്രമെ പിരിച്ചെടുക്കാനായുള്ളു. ആകെയുള്ള രണ്ട് മുനിസിപ്പാലിറ്റികളിൽ കട്ടപ്പന 2.17 കോടിരൂപയും (57.32 ശതമാനം), തൊടുപുഴ 485.79 കോടിരൂപയുമണ് (55.02 ശതമാനം) പിരിച്ചത്. കുമാരമംഗലം (24.66 ശതമാനം), വാഴത്തോപ്പ് (39.24 ശതമാനം) ഗ്രാമ പഞ്ചായത്തുകൾ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചു. കുമാരമംഗലം പഞ്ചായത്തിൽ 101.62 ലക്ഷംരൂപ പിരിച്ചെടുക്കേണ്ട സ്ഥാനത്ത് 25.06 ലക്ഷംരൂപമാത്രമാണ് നിശ്ചിത കാലയളവിൽ സ്വരൂപിക്കാനായത്. 79.45 ലക്ഷം സമാഹരിക്കാനാറിങ്ങിയ വാഴത്തോപ്പ് പഞ്ചായത്തിന് 31.18 ലക്ഷംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
വണ്ണപ്പറും, കൊന്നത്തടി, വണ്ടിപ്പെരിയാർ, ദേവികുളം, പീരുമേട്, കഞ്ഞിക്കുഴി, ഏലപ്പാറ, മുട്ടം പഞ്ചായത്തുകളുടെ പ്രകടനം 70 ശതമാനത്തിലും താഴെയായിരുന്നു. ഇരട്ടയാർ , കാന്തല്ലൂർ , രാജാക്കാട് , അടിമാലി, ഉടുമ്പന്നൂർ, കോടിക്കുളം, അറക്കുളം, രാജകുമാരി ഗ്രാമപഞ്ചായത്തുകൾ 90 ശതമാനത്തിന് മുകളിൽ നേട്ടം കൈവരിച്ചു. ആറായിരം രൂപമാത്രം തനത് വരുമാനമുള്ള ഇടമലക്കുടി പഞ്ചായത്തും നൂറ് ശതമാനം നേട്ടം കൈവരിച്ചവയുടെ പട്ടികയിലുണ്ട്.
ഒരുകോടിരൂപയ്ക്കുമേൽ നികുതി വരുമാനമുള്ള പഞ്ചായത്തുകളുടെ പ്രകടനം ഒറ്റനോട്ടത്തിൽ:
► കുമളി: 225.65 / 290.59 ലക്ഷം. (77.65 ശതമാനം)
► അടിമാലി: 120.47/ 126.28 ലക്ഷം (95.4 ശതമാനം)
► മൂന്നാർ : 114.87 /134.95 ലക്ഷം (85.12 ശതമാനം)
► ചിന്നക്കനാൽ: 84.23/ 111.53 ലക്ഷം (75.23 ശതമാനം)
► വണ്ടന്മേട്: 80.5/ 107.25 ലക്ഷം (75.05 ശതമാനം)
► ഏലപ്പാറ: 68.8 / 119.81 ലക്ഷം (57.42 ശതമാനം)
► കുമാരമംഗലം: 101.62 / 25.06 ( 24.66 ശതമാനം)