രാജാക്കാട്. ഖജനപ്പാറയിൽ ഒമ്പത് വയസുകാരിയെ വീടിനുള്ളിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് കുട്ടിയുടെ മതാപിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം നാലിനാണ് കുട്ടിയെ വീടിനുള്ളിലെ ഉത്തരത്തിൽ ഷാളിൽകെട്ടി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തോട്ടം തൊഴിലാളികളായ മാതാപിതാക്കൾ ജോലികഴിഞ്ഞ് മടങ്ങി എത്തിയപ്പോഴാണ് കുട്ടി മരിച്ചുകിടക്കുന്നത് കണ്ടത്. തടിക്കഷണത്തിൽ ഷാൾകെട്ടി ഊഞ്ഞാലാടുമ്പോൾ അപകടത്തിൽപെട്ടതാകമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് വിഭാഗം സംഭവസ്ഥലത്ത് പരിശോധന നടത്തിയെങ്കിലും മറ്റ് തെളിവുകളൊന്നും ലഭിച്ചുമില്ല. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞു.
അതിനിടെ മറ്റൊരു കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിച്ചതിന് ഖജനാപ്പാറ സ്വദേശി അളകരാജ് (55)നെ മാർച്ച് 11 ന് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലും ചോദ്യംചെയ്യലിലും ഇയാൾ പെൺകുട്ടികളെ ശാരിരികമായി പീഡിപ്പിച്ചു എന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ മരണത്തിൽ പ്രതിക്ക് നേരിട്ട് പങ്കില്ലെന്നാണ് പൊലീസ് നൽകുന്നവിശദീകരണം. പോക്‌സോ നിയമ പ്രകാരം കേസെടുത്ത് ഇയാളെ റിമാന്റ് ചെയ്തിരിക്കുകായണ്. എന്നാൽ ഇയാളുടെ ക്രിമിനൽ പശ്ചാത്തലം പരിഗണിക്കുമ്പോൾ പെൺകുട്ടിയുടെ മരണവുമായി ബന്ധമുണ്ടാകാമെന്നാണ് കുട്ടിയുടെ ബന്ധുക്കൾ സംശയിക്കുന്നത്. പ്രതി സ്വാധീനമുള്ള ആളായതിനാൽ സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നാണ് ഇവർ ആവശ്യപ്പെട്ടും. റിമാന്റിലുള്ള പ്രതിയ്ക്ക് ജാമ്യം ലഭിച്ചുവെന്ന അഭ്യൂഹത്തെ തുടർന്ന് കഴിഞ്ഞ 26 ന് രാത്രി മുന്നൂറോളം വരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നാട്ടുകാർ ഖജനാപ്പാറയിൽ റോഡ് ഉപരോധിച്ചിരുന്നു. ശാന്തൻപാറ സി.ഐ. എസ്.ചന്ദ്രകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പ്രതിക്ക് ജാമ്യം ലഭിച്ചിട്ടില്ലെന്നും ഇയാൾ ഉൾപ്പെട്ട മറ്റ് കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നും ഉറപ്പ് നൽകിയ ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.
ക്രൈംബ്രാഞ്ച് അന്വേഷണം വേണം: കൊച്ചുത്രേസ്സ്യാ പൗലോസ്
പ്രതിയെ രക്ഷപെടുത്താൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും, കുട്ടിയുടെ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യ പൗലോസ് പറഞ്ഞു.