മറയൂർ: മറയൂർ ചന്ദനറിസർവിലെ ഡോഗ് സ്വകോഡ് അംഗം ഡിംഗോ (കിച്ചു) എന്ന നായയെ ജീവതാവസാനം വരെ സർവീസിൽ നിലനിറുത്താൻ വനംവകുപ്പിന്റെ പ്രത്യേക അനുമതി.
സാധാരണ എട്ടുവയസ് പ്രായമാകുമ്പോൾ ഡോഗ്സക്വോഡിലെ നായ്ക്കൾ വിരമിക്കാറുള്ളതാണ്. എന്നാൽ ഡിംഗോയുടെ കായികശേഷിയും പ്രവർത്തനമികവും കണക്കിലെടുത്ത് 2018ൽ ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരുവർഷം കൂടി കാലാവധി നീട്ടിനൽകിയിരുന്നു. 2011ൽ മറയൂർ ഡോഗ് സ്വോഡിലെ അംഗമായ ലാബർഡോർ ഇനത്തിൽപ്പെട്ട ഡിംഗോ നിരവധി ചന്ദനക്കേസുകളിൽ തുമ്പുണ്ടാക്കിയിട്ടുണ്ട്. കൂടാതെ വർഷം തോറും ഇതിന്റെ മികവ് വർദ്ദിച്ചുവരുന്നതായുള്ള റിപ്പോർട്ടും പരിഗണിച്ചാണ് ജീവിതാവസാനം വരെ മറയൂരിൽ നിലനിറുത്താൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം ഇറക്കുകയും ചെയ്തു.
തൃശൂരിലെ പൊലീസ് അക്കാദമിയിൽ നിന്നും പരിശിലനം പൂർത്തിയാക്കിയ സ്നിഫർ ( ചന്ദനത്തിന്റെ സാന്നിധ്യം മണത്ത് കണ്ട് പിടിക്കുന്നത്) ഇനത്തിൽപ്പെട്ട നായ് 2011 ആഗസ്റ്റ് 11 നാണ് മറയൂർ ഡോഗ് സ്വകോഡിലെ അംഗമായത്. നാച്ചിവയൽ ചന്ദന റിസർവ്വിൽ പ്രത്യകം തയ്യറാക്കിയ കേന്ദ്രത്തിലാണ് താമസവും പരിശീലനവും. ചെക്ക് പോസ്റ്റിലെ വാഹന പരിശോധനയ്ക്കുക്കും ചന്ദന മോഷണത്തിൽ പിടികൂടുന്ന വാഹനങ്ങളുടെ രഹസ്യ അറ കണ്ടു പിടിക്കുന്നതിനുമായാണ് ഡിംഗോയുടെ സേവനം കൂടുതലും ഉപയോഗപ്പെടുത്തുന്നത്.
ഡിംഗോയെ കൂടാതെ ഗ്വാളിയാറിൽ നിന്ന് പരിശീലനം സിദ്ധിച്ച ട്രാക്കർ ( മണം പിടിച്ച് പിന്തുടർന്ന് മോഷണത്തിന് തുമ്പുണ്ടാക്കൂന്ന) വിഭാഗത്തിൽപ്പെട്ട പെൽവിൽ എന്ന ജർമൻ ഷെപ്പേർഡ് നായും മറയൂർ ചന്ദനസംരക്ഷണ സേനയിലുണ്ട്. വനപാലകരോട് ഏറെ ഇണങ്ങിയ ഡിംഗോയുടെ സേവനകാലാവധി നീട്ടിക്കിട്ടിയതിൽ റേഞ്ച് ഓഫീസറും ഡോഗ് സ്ക്വാഡിലെ പരിപാലകരും ആഹ്ലാദത്തിലാണ്.