ഇടുക്കി: എ.ഐ.എ.ഡി.എം.കെ ദേശിയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായതോടെ തമിഴ് വോട്ടർമാർക്ക് നിർണായക സ്വാധീനമുള്ള ദേവികുളം നിയോജകമണ്ഡലത്തിൽ ഇത്തവണ പോരാട്ടം കനക്കുമെന്ന് വിലയിരുത്തൽ.
ഉടുമ്പൻചോല, പീരുമേട് മണ്ഡലങ്ങളിലും തമിഴക രാഷ്ട്രീയത്തിന്റെ സ്വാധീനം എൻ.ഡി.എ യ്ക്ക് ഗുണകരമായേക്കും. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതു വലത് മുന്നണികൾക്കും ബി.ജെ.പിക്കുമെതിരെ ഒറ്റക്ക് മത്സരിച്ച എ.ഐ.എ.ഡി.എം.കെ യുടെ വനിതാ സ്ഥാനാർത്ഥി ആർ.എം. ധനലക്ഷ്മി 11613 വോട്ടുനേടി മൂന്നാം സ്ഥാനത്ത് എത്തിയ മണ്ഡലമാണ് ദേവികളും. അന്നത്തെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി നാലാംസ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തിരുന്നു. പലബൂത്തുകളിലും ഇടത് വലത് മുന്നണികളെ മറികടന്ന് എ.ഐ.എ.ഡി.എം.കെ മൂൻതൂക്കം നേടിയിരുന്നു. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ദേശിയതലത്തിലുള്ള മുന്നണി സമവാക്യം തമിഴ്നാട്ടിൽ പ്രതിഫലിക്കുന്ന അതേ പ്രഭാവത്തിൽ തമിഴ് വോട്ടർക്ക് സ്വാധീനമുള്ള ഇടുക്കിയിലെ ദേവികളും, ഉടുമ്പൻചോല, പീരുമേട് മണ്ഡലങ്ങളിലും അലയടിക്കുമെന്നാണ് എൻ.ഡി.എ നേതാക്കളുടെ പ്രതീക്ഷ. കേരളത്തിലും തമിഴ്നാട്ടിലും വ്യത്യസ്ഥ തീയതികളിൽ വോട്ടെടുപ്പ് നടക്കുന്നതുകൊണ്ട് പോളിംഗ് ദിവസത്തെ തമിഴ് വോട്ടർമാരുടെ കൂട്ടപാലായനം ഇത്തവണ ഒഴിവാകുമെന്നതും എല്ലാ മുന്നണികൾക്കും ഒരുപോലെ പ്രത്യാശ നൽകുന്നതാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എം.എൽ.എ എസ്. രാജേന്ദ്രനും കെ.പി.സി.സി. വൈസ് പ്രസിഡന്റ് എ.കെ. മണിയും നയിച്ച ഇരുമുന്നണികളോടും നേരിട്ട് ഏറ്റുമുട്ടി സ്വാധീനം തെളിയിച്ച എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും ചേരുന്ന കൂട്ടുകെട്ട് ദേവികളും മണ്ഡലത്തിൽ ഏറെ ഗുണം ചെയ്യുമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. വിശ്വാസങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ട തമിഴ്ജനതയുടെ വികാരവും ഇതോടൊപ്പം ആളിക്കത്തിയാൽ ശക്തമായ ത്രികോണ മത്സരത്തിന് ദേവികുളം വേദിയാകുമെന്ന് തന്നെയാണ് എൻ.ഡി.എ നേതാക്കളുടെ വിലയിരുത്തൽ.