ഇടുക്കി: കേരളത്തിലെ മുന്നണി വല്യേട്ടന്മാരെല്ലാം ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് തമിഴ്നാട്ടിൽ എത്തുമ്പോൾ അനുസരണയുള്ള കുഞ്ഞനിയന്മാരാകണം. കേരളത്തിൽ പരസ്പരം പോരടിക്കുന്ന പ്രശ്നങ്ങളിൽ പോലും ചെക്പോസ്റ്റ് കടന്നാൽ ഒരുമനസ് ആയിരിക്കണമെന്ന് മാത്രമല്ല, ദ്രാവിഡ പാർട്ടികൾ പറയുന്നത് അക്ഷരം പ്രതി അനുസരിക്കുകയും വേണം. മുല്ലപ്പെരിയാർ അണക്കെട്ടിന് യാതൊരു ബലക്ഷയവുമില്ലെന്നും അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ നിന്ന് 152 അടിയായി ഉയർത്തുമെന്നും ജനങ്ങളോട് തുറന്നുപറയണം. മുല്ലപ്പെരിയാറിൽ നിന്നുള്ള ജലത്തെ മാത്രം ആശ്രയിച്ച് കൃഷിയും ഉപജീവനവും കഴിക്കുന്ന തേനിയിലെ ജനങ്ങളുടെ എക്കാലത്തെയും പ്രധാനപ്പെട്ട ആവശ്യം അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുക എന്നതാണ്. തമിഴ്നാട്ടിൽ പ്രവർത്തിക്കുന്ന ദേശിയ പാർട്ടികൾക്കും ഈ കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ല. അതുകൊണ്ടുതന്നെ തേനി ലോക്സഭമണ്ഡലത്തിൽ ഇത്തവണയും മുഖ്യവിഷയം മുല്ലപ്പെരിയാറാണ്. വിജയിച്ചാൽ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ നിന്ന് 152 അടിയായി ഉയർത്തുമെന്നാണ് എല്ലാ സ്ഥാനാർത്ഥികളുടെയും വാഗ്ദാനം. ദ്രാവിഡ പാർട്ടികൾ വെവ്വേറെ ചേരികളിൽ നിന്ന് ശക്തമായ ത്രീകോണമത്സരം കാഴ്ചവയ്ക്കുന്ന തേനിയിൽ ബി.ജെ.പി, കോൺഗ്രസ്, സി.പി.എം, സി.പി.ഐ തുടങ്ങിയ ദേശിയപാർട്ടികളെല്ലാം ഏതെങ്കിലുമൊക്കെ മുന്നണികളിലെ ഘടകക്ഷികൾ മാത്രമാണ്. ഇവരൊക്കെ കേരളത്തിലാകുമ്പോൾ മുല്ലപ്പെരിയാറ്റിലെ ജലനിരപ്പ് 142ൽ നിന്ന് 136 അടിയായി താഴ്ത്തണമെന്നും പുതിയ അണക്കെട്ട് നിർമ്മിക്കണമെന്നുമാണ് നിലപാട് എങ്കിലും അവിടെ ചെന്ന് അങ്ങനെ പറയാൻ ധൈര്യപ്പെടില്ല. എ.ഐ.എ.ഡി.എം.കെ നയിക്കുന്ന എൻ.ഡി.എ മുന്നണിയിൽ ഘടകക്ഷിയായ ബി.ജെ.പിക്കും ഡി.എം.കെ നയിക്കുന്ന യു.പി.എ സഖ്യത്തിലെ പ്റധാനികളായ സി.പി.എമ്മിനും കോൺഗ്രസിനും ഈ കാര്യത്തിൽ അഭിപ്രായവ്യത്യസമില്ല. എ.ഐ.എ.ഡി.എം.കെ- ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന തമിനാഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെ മകൻ പി. രവീന്ദ്രനാഥ കുമാറും കോൺഗ്രസും ഇടതുകക്ഷികളും പിന്തുണയ്ക്കുന്ന ഡി.എം.കെ മുന്നണിയുടെ കോൺഗ്രസ് നേതാവ് ഇ.വി.കെ. ഇളങ്കോവനും ശക്തമായ ത്രികോണമത്സരത്തിന് രംഗത്തിറങ്ങിയിട്ടുള്ള മുൻ പെരിയകുളം എം.പിയും അമ്മാമുന്നേറ്റക്കഴകം നേതാവുമായ തങ്കത്തമിഴ് സെൽവനും മുല്ലപ്പെരിയാർ വിഷയത്തിൽ ഒരേസ്വരമാണ്. ഇതിനുപുറമെ നാം തമിഴർ കക്ഷി, മക്കൾ നീതി മയ്യം, ബി.എസ്.പി, ഉഴൈപ്പാളി മക്കൾ കക്ഷി, സമാജ്‌വാദി,​ ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ പാർട്ടികളും സ്വതന്ത്രരും ഉൾപ്പെടെ നാൽപ്പതോളം സ്ഥാനാർത്ഥികളാണ് ഇതുവരെ നാനമിർദ്ദേശപത്രിക നൽകിയിരിക്കുന്നത്.