കുമളി: പ്രളയാനന്തരം തകർന്ന വിനോദസഞ്ചാര മേഖലയെ കരകയറ്റുന്നതിന് ടൂറിസംരംഗത്തുള്ളവർ കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ സർക്കാർ വക ഇരുട്ടടി. തേക്കടി ടൂറിസ്റ്റ് കേന്ദ്രത്തിലെ എല്ലാവിധ പാസുകളുടെയും തുക വർദ്ധിപ്പിച്ചതാണ് വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. ടൂറിസം മേഖലയ്ക്ക് ഉണർവേകാൻ തേക്കടിയിലെ ഹോട്ടലുകൾ പ്രവേശന ഫീസുകളെല്ലാം പകുതിയായി കുറച്ചപ്പോഴാണ് സർക്കാരിന്റെ ഫീസ് വർദ്ധന. തേക്കടിയിലെ പ്രധാന ആകർഷണമായ ബോട്ടിംഗിൽ തുടങ്ങി പാർക്കിംഗ് വരെയുള്ള എല്ലാത്തരം ഫീസുകളും വർദ്ധിപ്പിച്ചു. ഇതോടെ കേരളത്തിലെത്തുന്ന സഞ്ചാരികളിൽ പലരും തേക്കടി സന്ദർശനം ഒഴിവാക്കി മൂന്നാർ, ആലപ്പുഴ, കുമരകം തുടങ്ങിയ സ്ഥലങ്ങൾ മാത്രം സന്ദർശിച്ച് മടങ്ങുകയാണ്. ഇത് പ്രതിസന്ധി നേരിടുന്ന തേക്കടി ടൂറിസത്തിന് കനത്ത തിരിച്ചടിയായി.
പുതുക്കിയ നിരക്കുകൾ (പഴയ നിരക്ക് ബ്രാക്കറ്റിൽ)
തേക്കടി പ്രവേശനഫീസ്
മുതിർന്നവർക്ക്- 40 (45) രൂപ
കുട്ടികൾക്ക്- 10 (15) രൂപ
വിദേശികൾക്ക്- 475 (500)
വിദേശ കുട്ടികൾക്ക്- 170 (180)
ബോട്ട് നിരക്ക്
മുതിർന്നവർക്ക്- 240 (255)
കുട്ടികൾക്ക് 80- (85)
വിഡിയോ കാമറ- 300 (335)
സ്റ്റിൽ കാമറ- 40 (45)
പാർക്കിംഗ് ഫീ
ഇരുചക്രവാഹനവും ത്രീവീലറും- 40 (45)
ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക്- 80(85)
ഹെവി വാഹനങ്ങൾക്ക്- 300 (335)
'തേക്കടി സന്ദർശിക്കാനെത്തുന്ന സഞ്ചാരികളെ ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണം. അടിയന്തിരമായി സർക്കാർ ഇടപ്പെട്ട് വർദ്ധിപ്പിച്ച ഫീസുകൾ പിൻവലിച്ച് തേക്കടി ടൂറിസത്തെ സംരക്ഷിക്കണം"
-തേക്കടി ടൂറിസം കോഡിനേഷൻ കമ്മിറ്റി