ചെറുതോണി: ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോൺ വഴി എറണാകുളം പാനായികുളത്തുള്ള ഓഫീസിൽ നിന്ന് കുമളിയിലേക്ക് കയറ്റി അയയ്ക്കുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച് വിൽപ്പന നടത്തിവന്ന സംഘത്തിലെ മൂന്ന് പേരെ സ്‌പെഷ്യൽ ടീം അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എറണാകുളം ചാപ്പ കടപ്പുറം എളംകുന്നപ്പുഴ മാലിപ്പുറം പെരിങ്ങോട്ടുവീട്ടിൽ രമേശന്റെ മകൻ ഗിരീഷ് (23), എറണാകുളം ഏലൂർ കുഴികണ്ടം ഭാഗത്ത് തച്ചേത്ത് വീട്ടിൽ സെബാസ്റ്റ്യന്റെ മകൻ ആന്റണി റെസ്റ്റോ (35), എറണാകുളം നായരമ്പലം തേങ്ങാത്തടം മാഞ്ഞൂരാൻ വീട്ടിൽ ജോയിയുടെ മകൻ മിജോ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ രണ്ടുപേർ ഡ്രൈവർമാരും ഒരാൾ സഹായിയുമാണ്. സംഘത്തിലെ മൂന്ന് പേരെ ഇനി പിടികിട്ടാനുണ്ട്. കുമളിയിലെ ഷോറും ഉടമ ടി.സി. സ്‌കറിയ നൽകിയ പരാതിയെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ഒരു ലക്ഷം രൂപ വീതം വിലവരുന്ന 81 മൊബൈൽ ഫോണുകളാണ് പലപ്പോഴായി സംഘം മോഷ്ടിച്ചത്. എറണാകുളത്ത് നിന്ന് കയറ്റി ഡോർ സീൽ ചെയ്ത് വാഹനം രാത്രി ഒമ്പതിനാണ് പുറപ്പെടുന്നത്. കട്ടപ്പന കഴിഞ്ഞ് ചോറ്റുപാറയിലെത്തുമ്പോൾ ഡ്രൈവറും സഹായിയും ചേർന്ന് വാഹനത്തിന്റെ ലോക്ക് എടുത്ത് അകത്തുകടന്ന് അതിവിദഗ്ദ്ധമായി ഐ ഫോൺ എടുത്ത ശേഷം സംശയം തോന്നാത്തവിധം വീണ്ടും വാഹനം ലോക്ക് ചെയ്യും. ഇങ്ങനെ മോഷണം നടത്തുന്ന ഫോണുകൾ യഥാർത്ഥ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ എറണാകുളത്ത് തന്നെ വ്യാപാരികളുണ്ട്. ഇവർ വിറ്റ ഫോണിന്റെ കോഡുനമ്പർ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ ഒരാൾ എറണാകുളം കാക്കനാട് ഭാഗത്ത് ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇയാളെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്. ഒരുലക്ഷം രൂപ വിലയുള്ള ഫോൺ ഇയാൾ 55000 രൂപയ്ക്കായിരുന്നു വാങ്ങിയത്. ഇയാൾ നൽകിയ വിവരമനുസരിച്ച് വ്യാപാരിയെ ചോദ്യം ചെയ്തപ്പോഴാണ് സ്ഥിരമായി ഫോൺ കൊടുക്കുന്നത് ഈ ഡ്രൈവർമാരാണെന്ന് അന്വേഷണ സംഘത്തിന് മനസിലായത്. ഇവർ വിൽപ്പന നടത്തിയ 81 ഫോണുകളിൽ 10 എണ്ണം വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ മൂന്ന് മാസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കുടുക്കിയത്. കട്ടപ്പന ഡി.വൈ.എസ്.പി പി.പി. ഷംസ്, കുമളി സി.ഐ വി.കെ ജയപ്രകാശ്, എസ്. ഐ പ്രശാന്ത് ആർ നായർ, പ്രത്യേക അന്വേഷണ സംഘം എസ്.ഐ ജോബി തോമസ്, സൈബർസെൽ എസ്.ഐ സജിമോൻ ജോസഫ്, എ.എസ്.ഐ മാരായ തങ്കച്ചൻ മാളിയേക്കൽ, ഇസ്മായിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബേസിൽ പി. ഐസക്ക്, എം.ആർ സതീഷ്, കെ.ബിജു, സിവിൽപോലീസ് ഓഫീസർമാരായ എസ് സുബൈർ, സലിൻ രവി, ആർ ജയമോൻ, കുമാർ, അലക്സ് എന്നിവർ അടങ്ങുന്ന സ്‌പെഷ്യൽ ടീമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.