ഇടുക്കി: കൊല്ലപ്പെട്ട ഏകമകളുടെ അഞ്ചുവയസുള്ള മകനെ സംരക്ഷിക്കാൻ വൃദ്ധമാതാവ് പരസഹായം തേടുന്നു. ശാന്തൻപാറ സ്വദേശി തറയാനിയിൽ ഏലക്കുട്ടി പാപ്പച്ചനാണ് (70) തലചായ്ക്കാൻ സുരക്ഷിതമായൊരിടമില്ലാതെ പരക്കം പായുന്നത്. മകൾ അജിമോൾ രണ്ടുവർഷം മുമ്പ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു. കേസിൽ കൊലക്കുറ്റം ഏറ്റുപറഞ്ഞ മകളുടെ ഭർത്താവ് താത്കാലിക ജയിലിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയതോടെയാണ് ഏലിക്കുട്ടിയുടെ കഷ്ടകാലം ആരംഭിച്ചത്. ഇവർ താമസിച്ചിരുന്ന വീട് മകളുടെ ഭർത്താവും കൂട്ടുകാരും ചേർന്ന് തല്ലിപ്പൊളിച്ചു. മകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം. സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. അതോടെ ഭയന്ന് നാടുവിട്ട ഏലിക്കുട്ടി ഇപ്പോൾ തൊടുപുഴയ്ക്ക് സമീപം വണ്ണപ്പുറത്ത് വാടകവീട്ടിലാണ് താമസം. അനാരോഗ്യം അവഗണിച്ച് കൂലിപ്പണിചെയ്താണ് ജീവിതം തള്ളിനീക്കുന്നത്. മാസം ശരാശരി വരുമാനം 1500 രൂപമാത്രമാണ്. അതുകൊണ്ട് വീടിന് വാടകകൊടുക്കാനും ആഹാരത്തിനുമെല്ലാംകൂടി തികയില്ല. ഏലിക്കുട്ടി നിത്യരോഗിയുമാണ്. അതോടൊപ്പം മകളുടെ വിവാഹത്തിന് അടിമാലി കാർഷിക വികസന ബാങ്കിൽ നിന്ന് എടുത്ത വായ്പയും തിരിച്ചടയ്ക്കാനുണ്ട്. അടുത്തവർഷം കൊച്ചുമകനെ ഒന്നാം ക്ലാസിൽ ചേർക്കണം. തല ചായ്ക്കാൻ സ്വന്തമായൊരു കൂരയെങ്കിലുമുണ്ടെങ്കിൽ കിട്ടുന്നവരുമാനം കൊണ്ട് അർദ്ധപട്ടിണിയിലാണെങ്കിലും കുഞ്ഞിനെ സംരക്ഷിക്കാമായിരുന്നെന്നാണ് ഏലിക്കുട്ടിയുടെ പ്രതീക്ഷ. ഇവരുടെ ദുരവസ്ഥ കണ്ട് പരിസരവാസികൾ സഹായിക്കാൻ തയ്യാറായെങ്കിലും സ്ഥലം വാങ്ങി വീട് നിർമ്മിച്ചുകൊടുക്കാനുള്ള തുക സമാഹരിക്കാൻ സാധിക്കുന്നില്ല. അതുകൊണ്ട് സന്മസുള്ളവർ ഈ വൃദ്ധമാതാവിനെ സഹായിക്കണമെന്ന് വണ്ണപ്പുറം പൗരാവകാശ സംരക്ഷണ സമിതി പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഫെഡറൽ ബാങ്ക് വണ്ണപ്പുറം ശാഖയിൽ ഏലിക്കുട്ടിയുടെ പേരിൽ തുറന്നിട്ടുള്ള അക്കൗണ്ട് നമ്പർ: 18350100061273. ഫോൺ: 9744582901.