ഇടുക്കി : സ്വീപിന്റെ ഭാഗമായുള്ള വോട്ട് വണ്ടിയുടെ പര്യടനം ഉടമ്പൻചോല നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തും. ഇന്ന് വൈകിട്ട് അഞ്ചിന് മുണ്ടിയെരുമ കല്ലാർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ആഡിറ്റോറിയത്തിൽ ബാൻഡ് മേളം, മാജിക് ഷോ തുടങ്ങിയ പരിപാടികളും നാളെ നെടുങ്കണ്ടം കിഴക്കേകവലയിൽ ജില്ലാ പൊലീസ് വകുപ്പിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ 'വോട്ട് എന്റെ അവകാശം സ്‌കിറ്റും ഫ്ളാഷ് മോബും", ജീവനക്കാരുടെ കരോക്കെ ഗാനമേളയും നടത്തും.
പരിശീലനത്തിൽ പങ്കെടുക്കാത്തവർക്ക് വീണ്ടും അവസരം
ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ആദ്യഘട്ടം പരിശീലന പരിപാടി എല്ലാ നിയോജകമണ്ഡലങ്ങളിലും പൂർത്തിയായി. പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്ത ഉദ്യോഗസ്ഥർക്ക് അഞ്ചിന് രാവിലെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഒരു ക്ലാസ് കൂടി നടത്തും. മൂന്ന് ദിവസത്തെ ക്ലാസിലും പങ്കെടുക്കാൻ സാധിച്ചിട്ടില്ലാത്ത ഉദ്യോഗസ്ഥർ കർശനമായും ഇതിൽ പങ്കെടുക്കണം. ഉത്തരവ് ലഭിച്ചിട്ടും ഒരു ക്ലാസിലും ഹാജരാകാത്തവർക്കെതിരെ തെരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാകളക്ടർ എച്ച്. ദിനേശൻ അറിയിച്ചു.
ഇതുവരെ ലഭിച്ചത് 82 പരാതികൾ
ഇടുക്കി: തൊടുപുഴ നിയോജകമണ്ഡലത്തിലെ മുട്ടത്ത് സ്ഥാപിച്ചിരുന്ന പോസ്റ്ററുകളെ സംബന്ധിച്ച് ഇലക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റായ സി വിജിലിൽ രജിസ്റ്റർ ചെയ്ത പരാതി ആന്റി ഡീഫേയ്സ്‌മെന്റ് സ്‌ക്വാഡുകൾ നീക്കം ചെയ്തു. ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് നേരിട്ട് പരാതി നൽകാൻ കഴിയുന്ന സി വിജിൽ ആപ്ലിക്കേഷൻ മുഖേന ജില്ലയിൽ ഇതുവരെ 82പരാതികൾ ലഭിച്ചു. ഇതിൽ 75 പരാതികൾ പരിഹരിച്ചു. ഏഴ് പരാതികളിൽ അന്വേഷണം തുടരുന്നു. സിവിജിൽ സംവിധാനം 24 മണിക്കൂറും പ്രവർത്തനസജ്ജമായതിനാൽ ലഭിക്കുന്ന പരാതികൾക്ക് അതിവേഗം പരിഹാരം കാണാൻ കഴിയും എന്നതാണ് പ്രത്യേകത. സി വിജിൽ ആപ്പ് ആൻഡ്രോയിഡ് പ്ലേസ്റ്റോറിൽ ലഭ്യമാണ്. വോട്ടിനായി പണം നൽകൽ, പ്രേരിപ്പിക്കൽ, ഭീഷണി, പൊതുസ്ഥലങ്ങളിൽ പ്രചാരണ സാമഗ്രികൾ പ്രദർശിപ്പിക്കൽ, സ്വകാര്യ സ്ഥലങ്ങളിൽ ഉടമയുടെ അനുമതി ഇല്ലാതെ പ്രദർശിപ്പിക്കൽ, മറ്റ് പെരുമാറ്റച്ചട്ട ലംഘനങ്ങൾ തുടങ്ങിയവ സംബന്ധിച്ച് സിവിജിൽ മുഖേന പരാതി നൽകാം. ഇതുമായി ബന്ധപ്പെട്ട ചിത്രമോ വീഡിയോ ദൃശ്യമോ അയക്കേണ്ടതാണ്.
അനധികൃത പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്തു
ഇടുക്കി: ചിലവ്, വെള്ളിയാമറ്റം, ഇളംദേശം, പന്നിമറ്റം, പൂമാല, പൂച്ചപ്ര, മുട്ടം, കലയന്താനി, ഇടവെട്ടി, കാരിക്കോട്, ആലക്കോട് എന്നിവിടങ്ങളിൽ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന 66 പോസ്റ്ററുകൾ, 59 ഫ്ളക്സുകൾ എന്നിവ നീക്കം ചെയ്തു. ഏലപ്പാറ വാഗമൺ റോഡ് പുറമ്പോക്കിലെ ചുവരെഴുത്ത് , വാഗമൺ കേരളാ ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് ഏരിയയിൽ സ്ഥാപിച്ചിരുന്ന ഫ്ളക്സ് എന്നിവ എം.സി.സി ആന്റ് ആന്റി ഡീഫേയ്സ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള 14065 പോസ്റ്ററുകളും 603 ഫ്ളക്സ് ബാനറുകളും ജില്ലയിൽ പ്രവർത്തിക്കുന്ന ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ നീക്കം ചെയ്തു.
തിരഞ്ഞെടുപ്പ് നിരീക്ഷകൻ മാൻസിംഗ് ജില്ലയിലെത്തി
ഇടുക്കി: ജില്ലയിലെ തിരഞ്ഞെടുപ്പ് പുരോഗതികൾ വിലയിരുത്തുന്നതിനും മറ്റു മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിരിക്കുന്ന പൊലീസ് ഒബ്സർവർ മാൻസിംഗ് ജില്ലയിലെത്തി. ഇതുവരെ ലഭിച്ച തിരഞ്ഞെടുപ്പ് പരാതികളുടെയും മറ്റും വിശദാംശങ്ങൾ ജില്ലാകളക്ടർ എച്ച്. ദിനേശിനോടൊപ്പം കളക്ടറേറ്റിൽ വിശകലനം ചെയ്തു. ജില്ലയിലെ നിയോജക മണ്ഡലങ്ങളായ മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ, ദേവികുളം, ഇടുക്കി, പീരുമേട്, ഉടുമ്പൻചോല എന്നിവിടങ്ങളിൽ അദ്ദേഹം വരുംദിവസങ്ങളിൽ സന്ദർശിക്കും.