joice
ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണയുള്ള എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിന് അടിമാലി പത്താം മൈലിൽ നൽകിയ സ്വീകരണം

അടിമാലി: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിലെ ജനങ്ങൾക്ക് കയ്യബദ്ധം പറ്റിയിരുന്നെങ്കിൽ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലായേനെയെന്ന് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ് പറഞ്ഞു. അടിമാലിയിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കുമെന്ന് പ്രകടന പത്രികയിൽ പ്രഖ്യാപിച്ചാണ് ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നത്. ആ തീരുമാനത്തെ മാറ്റി മറിക്കാൻ കഴിഞ്ഞത് ഇടുക്കിയിലെ ജനങ്ങളുടെ പിന്തുണയോടെ പാർലമെന്റിനുള്ളിൽ താൻ നടത്തിയ പോരാട്ടത്തിലൂടെയാണ്. പശ്ചിമഘട്ടത്തിലെ പാർലമെന്റ് അംഗങ്ങളെ ഒപ്പം ചേർത്ത് നടത്തിയ ഡൽഹിയിലെ നീക്കങ്ങൾ ഇടുക്കി ജനതയ്ക്ക് വിസ്മരിക്കാൻ കഴിയുന്നതല്ല. ചോദ്യം ചെയ്യാൻ ആളുണ്ടായിരുന്നില്ലെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് കോൺഗ്രസ് പ്രതിനിധിയാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നതെങ്കിൽ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കുമെന്ന ബി.ജെ.പി സർക്കാരിന്റെ തീരുമാനം നടപ്പിലായേനെ. ഗാഡ്ഗിൽ റിപ്പോർട്ടിനു വേണ്ടി നിക്ഷിപ്ത താത്പര്യങ്ങളോടെ ഇടുക്കിക്കാർക്ക് എതിരായി നിലകൊണ്ടവരുടെ ശിഷ്യരെ അന്നും ഇന്നും ഇടുക്കിയിലേയ്ക്ക് കൊണ്ടുവരുന്നതിന്റെ പിന്നിലുള്ള താത്പര്യം ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേവികുളം മണ്ഡലത്തിലായിരുന്നു ജോയ്സ് ജോർജിന്റെ ബുധനാഴ്ചത്തെ പര്യടനം. രാവിലെ ഏഴിന് ഇരുമ്പുപാലത്ത് ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ് എം.എം സുലൈമാൻ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് അടിമാലി, വെള്ളത്തൂവൽ, ബൈസൺവാലി, മാങ്കുളം പഞ്ചായത്തുകളിൽ പര്യടനം നടത്തി. ദേവികുളത്തിന്റെ കാർഷിക മേഖലയിൽ ഉജ്ജ്വല വരവേല്പാണ് ജോയ്സിന് ലഭിച്ചത്. എൽ.ഡി.എഫ് നേതാക്കളായ കെ.വി ശശി, സി.എ ഏലിയാസ്, ജോർജ് അഗസ്റ്റിൻ, എം.എൻ മോഹനൻ, ടി.കെ ഷാജി, ബിനു സ്‌കറിയ, കെ.എം ഷാജി. ഒ.ടി കുര്യാക്കോസ്, ഡോ. കെ രാജഗോപാൽ, പി.വി അഗസ്റ്റ്യൻ, കെ ജലീൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

ജോയ്സിന്റെ നാലാംഘട്ട പര്യടനം ഇന്ന് മൂവാറ്റുപുഴയിൽ

ജോയ്സ് ജോർജിന്റെ നാലാം ഘട്ട പര്യടനത്തിന് ഇന്ന് മൂവാറ്റുപുഴയിൽ തുടക്കമാകും. രാവിലെ ഏഴിന് ആവോലി പഞ്ചായത്തിലെ കാവനയിലാണ് സ്വീകരണം. കേരളാ കോൺഗ്രസ് (ബി)​ പാർലമെന്ററി പാർട്ടി ലീഡർ കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എ പര്യടന പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് ആരക്കുഴ, പാലക്കുഴ, മാറാടി, വാളകം പഞ്ചായത്തുകളിൽ പര്യടനം നടത്തും.