kooda
പിടിച്ചെടുത്ത കോട

കട്ടപ്പന: പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ വനമേഖലയിൽ നടത്തിയ സംയുക്ത റെയ്ഡിൽ 200 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. ഇന്നലെ രാവിലെ പത്തോടെ കട്ടപ്പന കുട്ടിക്കാനം റൂട്ടിൽ സ്വരാജിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെ കോഴിമല പി.ടി കാനം വനമേഖലയിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടാനായില്ല. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടൻ പിടിയിലാവുമെന്നും പൊലീസ് പറഞ്ഞു. വനത്തിൽ വ്യാജ ചാരായ നിർമാണം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെ സംയുക്ത പരിശോധന നടത്തിയത്. 200 ലി. ശേഷിയുള്ള വലിയ വീപ്പയിലും കന്നാസുകളിലുമാണ് കോട സൂക്ഷിച്ചിരുന്നത്. കട്ടപ്പനയിൽ നിന്നുള്ള പൊലീസും മുരിക്കാട്ടുകുടി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമാണ് റെയ്ഡിൽ പങ്കെടുത്തത്.