road
കലുങ്കുസിറ്റി ഭാഗത്ത് ഇടിഞ്ഞുവീണിരുന്ന മണ്ണ് നീക്കം ചെയ്യുന്നു

രാജാക്കാട്: രാജാക്കാട്- പന്നിയാർകൂട്ടി- വെള്ളത്തൂവൽ പി.ഡബ്ല്യു.ഡി റൂട്ടിൽ നാളെ മുതൽ എട്ട് ദിവസത്തേയ്ക്ക് ഒറ്റ വരിയായി ഗതാഗതം ക്രമീകരിച്ചു. ടാറിംഗ് ജോലികൾ നടക്കുന്നതിനാലാണ് നിയന്ത്രണമെന്ന് റോഡ് വിഭാഗം ശാന്തൻപാറ എ.ഇ കാർത്തിഷ് കൃഷ്ണൻ അറിയിച്ചു. അമ്പലക്കവല മുതൽ പൊന്മുടി തൂക്കുപാലം വഴി പന്നിയാർകുട്ടി വരെയുള്ള ആറ് കിലോമീറ്റർ അഞ്ച് കോടി രൂപ ചെലവിലും ഇതേ റൂട്ടിലെ കുളത്രക്കുഴി വളവ് മുതൽ പന്നിയാർകൂട്ടി വഴി വെള്ളത്തൂവൽ വിമലസിറ്റി വരെയുള്ള 6.8 കിലോമീറ്റർ 4.5 കോടി രൂപ ചെലവിലും രണ്ട് ഭാഗങ്ങളായാണ് പുനർ നിർമ്മിക്കുന്നത്. പ്രളയകാലത്ത് റോഡിലേയ്ക്ക് പതിച്ച മണ്ണും മരങ്ങളും നീക്കം ചെയ്ത് വീതി കൂട്ടി ബി.എം.ബി.സി ടാറിംഗാണ് ചെയ്യുന്നത്. ഏപ്രിൽ അവസാനത്തോടെ ജോലികൾ ഏറെക്കുറെ പൂർണമാകുമെങ്കിലും പന്നിയാർകുട്ടി ഭാഗത്തെ പണികൾ തീരാൻ കൂടുതൽ സമയം വേണ്ടിവരും.