തൊടുപുഴ: എൻ.ഡി.എ പാർലമെന്റ് മണ്ഡലം കൺവെൻഷൻ കട്ടപ്പന വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ നടന്നു. രേണു സുരേഷ് കട്ടപ്പനയിലും യുവമോർച്ച സംസ്ഥാന സെക്രട്ടറി അനിൽ രവീന്ദ്രൻ വണ്ടിപ്പെരിയാറിലും കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണ് പ്രളയക്കെടുതിയുടെ വ്യാപ്തി വർദ്ധിപ്പിച്ചതെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി ബിജു കൃഷ്ണൻ പറഞ്ഞു. ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യാതെയും ആവശ്യമായ മുൻകരുതൽ നടപടികൾ കൈക്കൊള്ളാതെയും സംസ്ഥാന സർക്കാർ സ്വീകരിച്ച ഏകപക്ഷീയ നിലപാടാണ് ഇങ്ങനെ ഒരു വിപത്തിലേക്ക് ജനങ്ങളെ കൊണ്ടെത്തിച്ചത്. എല്ലാ വർഷവും പെയ്യുന്ന ശരാശരി മഴ മാത്രമാണ് കഴിഞ്ഞവർഷവും ലഭിച്ചത്. എന്നാൽ അനാവശ്യമായി ഡാമുകൾ എല്ലാം തുറന്നു വിട്ടതാണ് മഹാപ്രളയത്തിന് വഴിയൊരുക്കിയത്. പ്രളയക്കെടുതി വിലയിരുത്താൻ നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ടിലും പ്രളയം മനുഷ്യനിർമ്മിതമാണെന്ന് പ്രതിപാദിച്ചിട്ടുള്ള വസ്തുത തള്ളിക്കളയാനാവില്ല. പ്രളയബാധിതരായവർ പ്രഖ്യാപിച്ച ദുരിതാശ്വാസം പോലും ലഭിക്കാതെ ഇപ്പോഴും സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. അവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്നതിലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ വളരെ നാളുകളായി പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. തങ്ങൾക്ക് സ്ഥിരമായി വരുമാനമാർഗം വേണമെന്ന ന്യായമായ ആവശ്യങ്ങൾ പോലും നടപ്പിലാക്കാൻ കഴിയാത്ത ഇടതുമുന്നണിക്ക് വോട്ട് അഭ്യർത്ഥനയുമായി ഇടുക്കിയിലെ ജനങ്ങളുടെ ഇടയിലേക്ക് വരാൻ എന്ത് യോഗ്യതയാണ് ഉള്ളത്. പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെതിരെ 243 വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത് പരാജയഭീതി മൂലമാണെന്നും അദ്ദേഹം പറഞ്ഞു.