മൂവാറ്റുപുഴ: അങ്കമാലി- എരുമേലി ശബരി റെയിൽപാത യാഥാർത്ഥ്യമാക്കാൻ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുമെന്ന് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജ് പറഞ്ഞു. മൂവാറ്റുപുഴ മണ്ഡലത്തിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വോട്ടർമാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി ചിലവിന്റെ പകുതി 1408 കോടി രൂപ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തയ്യാറായതോടെ പദ്ധതി നടപ്പാകുമെന്ന് ഉറപ്പായിട്ടുണ്ട്. റെയിൽവേ ലൈൻ കടന്നു പോകുന്ന ഇടങ്ങളിൽ നൂറ് കണക്കിന് സ്ഥലം ഉടമകൾ ഭൂമിയുടെ ക്രയവിക്രയം നടത്താനാകാതെ പ്രതിസന്ധി നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ശബരി റെയിൽ പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര സന്ദേശ ജാഥ നടത്തിയത്. കരിങ്കുന്നം മുതൽ കാലടി വരെ അഞ്ച് ദിവസം നീണ്ടുനിന്ന കാൽനട ജാഥയിൽ ആയിരക്കണക്കിന് ആളുകൾ അണിനിരന്ന കാര്യം ജോയ്‌സ് ഓർമ്മിപ്പിച്ചു. തുടർന്ന് കേന്ദ്ര റെയിൽവേ മന്ത്രിയെ നിരന്തരമായി കാണുകയും പാർലമെന്റിൽ വിഷയം സജീവമായി ഉന്നയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ ബഡ്ജറ്റുകളിലൂടെ 380 കോടി രൂപ അനുവദിച്ചു. പിന്നീട് കേന്ദ്രവും സംസ്ഥാനവും തുല്യമായി പദ്ധതി ചിലവ് വഹിച്ചാലേ പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ കഴിയൂ എന്ന നയപരമായ തീരുമാനം റെയിൽവേ മന്ത്രാലയം അറിയിക്കുകയായിരുന്നു. ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകാൻ നേരിയ താമസം ഉണ്ടായെങ്കിലും പദ്ധതി ചിലവിന്റെ പകുതി ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്ത് നൽകിയതോടെ പദ്ധതി വരുമെന്ന് ഉറപ്പായെന്നും ജോയ്‌സ് പറഞ്ഞു.
സ്ഥാനാർത്ഥിയുടെ നാലാംഘട്ട പര്യടനത്തിന്റെ തുടക്കം മൂവാറ്റുപുഴയിലായിരുന്നു. രാവിലെ ഏഴിന് ആവോലി പഞ്ചായത്തിലെ കാവനയിൽ ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന ചെയർമാൻ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. ആവോലി, ആരക്കുഴ, പാലക്കുഴ, മാറാടി, വാളകം പഞ്ചായത്തുകളിൽ ഉജ്ജ്വല വരവേല്പാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. നൂറ് കണക്കിന് യുവാക്കൾ അണി നിരന്ന ബൈക്ക് റാലിയോടെയാണ് പര്യടനം നീങ്ങിയത്.

ജോയ്‌സ് ഇന്ന് തൊടുപുഴയിൽ
ജോയ്‌സ് ജോർജ് ഇന്ന് തൊടുപുഴയിൽ പര്യടനം നടത്തും. രാവിലെ ഏഴിന് നെല്ലാപ്പാറയിൽ നിന്ന് ആരംഭിച്ച് കരിങ്കുന്നം, മുട്ടം, ഇടവെട്ടി, ആലക്കോട്, വെള്ളിയാമറ്റം പഞ്ചായത്തുകളിൽ പര്യടനം നടത്തി ഇളംദേശത്ത് സമാപിക്കും.