ചെമ്മണ്ണാർ: കഴിഞ്ഞ അഞ്ച് വർഷം ജില്ല കണ്ടത് സമാനതകളില്ലാത്ത വികസനമാണെന്നും, ഇതിന്റെ തുടർച്ചയ്ക്ക് എൽ.ഡി.എഫ് വിജയിക്കണമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്‌സ് ജോർജ്ജിന്റെ ഉടുമ്പൻചോലയിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ചെമ്മണ്ണാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല റോഡുകൾ, പാലങ്ങൾ, പട്ടയം, പശ്ചിമഘട്ട സംരക്ഷണം, സ്‌കൂളുകളുടെ വികസനം, ദുർബല വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ എന്നിവ കൂടാതെ ജനകീയ ഇടപെടലുകൾ, ജനങ്ങളെ വേർതിരിവില്ലാതെ കാണുന്ന മതനിരപേക്ഷ നിലപാടുകൾ തുടങ്ങി ജനതയെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും തികച്ചും നീതി പുലർത്തിയിട്ടുണ്ട്. എൽ.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ മാത്രമാണ് ഇതെല്ലാം സംഭവിക്കുന്നത്. തുടർ പ്രവർത്തനങ്ങൾക്ക് ഇനിയും എൽ.ഡി.എഫ് വിവിധ തലങ്ങളിൽ അധികാരത്തിൽ വരേണ്ടതുണ്ട്. രാജ്യത്ത് ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ച് വർഗീയ ലഹളകളും കലാപങ്ങളും ഉണ്ടാക്കി അതിൽ നിന്നും രാഷ്ട്രീയ ലാഭം നേടാനാണ് മോദി ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ പി.എ. തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. പാർലമെന്റ് മണ്ഡലം സെക്രട്ടറി ഗോപി കോട്ടമുറിക്കൽ, പി.എൻ. വിജയൻ, വി.എൻ. മോഹനൻ, സി.യു. ജോയി എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് നേതാക്കളായ എൻ.പി. സുനിൽകുമാർ, ആലീസ് സുരേന്ദ്രൻ, പ്രിൻസ് മാത്യു, സനൽകുമാർ മംഗലശേരി, സേനാപതി ശശി, പി.എ ജോണി എന്നിവർ പങ്കെടുത്തു. ജിമ്മി ജോർജ് സ്വാഗതം പറഞ്ഞു.