രാജാക്കാട്: രാവും പകലും ജനവാസ കേന്ദ്രങ്ങളിൽ മേഞ്ഞു നടക്കുന്ന കാട്ടാനകൂട്ടങ്ങൾ ചിന്നക്കനാൽ- ശാന്തൻപാറ പഞ്ചായത്തുകളിലുള്ളവരുടെ ഉറക്കം കെടുത്തുന്നു. പുതുപ്പാറ, കമ്പിപ്പാലം, മുള്ളൻതണ്ട്, ശങ്കരപാണ്ടിമെട്ട്, എസ്. വളവ്, ഷൺമുഖ വിലാസം, വേട്ടോൻതേരി, വേസ്റ്റ്‌കുഴി, അപ്പർ സൂര്യനെല്ലി, 301കോളനി, ബി.എൽ റാവ്, മൂലത്തുറ, കറുപ്പൻകോളനി, രാജാപ്പാറമെട്ട് എന്നിവിടങ്ങളിലാണ് ഒറ്റയാനും പിടിയും കുട്ടികളുമടങ്ങുന്ന ആനക്കൂട്ടങ്ങൾ മേഞ്ഞുനടക്കുന്നത്. അക്രമണകാരികളായ ആനകളെ പിടികൂടി പ്രദേശത്ത് നിന്ന് നീക്കം ചെയ്യുമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ മുടൽമഞ്ഞും കൊടും വളവുകളും നിറഞ്ഞ ഈ മേഖലയിലൂടെ ജീവൻ പണയംവച്ച് വേണം യാത്ര ചെയ്യാൻ. ആനയിറങ്കൽ അണക്കെട്ടിന്റെ ഇരുവശത്തുമായി സ്ഥിതിചെയ്യുന്നവയാണ് ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകൾ. മുമ്പ് ഇവിടത്തെ കിലോമീറ്ററുകൾ വിസ്തൃതിയുള്ള പുൽമേടുകളും വനവും ഒരിയ്ക്കൽ ആനകളുടെ ആവാസകേന്ദ്രമായിരുന്നു. ഇപ്പോൾ കുട്ടികളടക്കം അറുപതോളം ആനകളാണ് പ്രദേശത്തുള്ളത്. ചില്ലിക്കൊമ്പൻ, അരിക്കൊമ്പൻ, പാത്തിക്കാലൻ, മുടിവാലൻ തുടങ്ങിയവയാണ് പ്രധാന ആക്രമണകാരികൾ. ചില്ലിക്കൊമ്പനെ പിടികൂടി നീക്കം ചെയ്യുമെന്ന് അധികൃതർ പല തവണ ജനങ്ങൾക്ക് ഉറപ്പ് നൽകിയിട്ടും പാലിക്കപ്പെട്ടിട്ടില്ല. സമരസമിതി രൂപീകരിച്ച് പ്രതിഷേധ പ്രകടനങ്ങളും റോഡ് ഉപരോധവും ഹർത്താലുകളും ഉൾപ്പെടെയുള്ള സമരങ്ങളുമായി ജനങ്ങൾ പലതവണ രംഗത്ത് എത്തിയെങ്കിലും അധികൃതർ വാഗ്ദാനങ്ങൾ നൽകി ശാന്തരാക്കി വിടുക മാത്രമാണ് ചെയ്യുന്നത്.
ആനയെടുത്തത് 38 ജീവനുകൾ
കാട്ടാന ആക്രമണത്തിൽ രണ്ട് ദശകത്തിനിടെ 38 പേർക്കാണ് മേഖലയിൽ ജീവൻ നഷ്ടപ്പെട്ടത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം എട്ട് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഗുരുതരമായ പരിക്കുകളോടെയും അംഗവൈകല്യത്തോടെയും കഴിയുന്നവർ നിരവധിയാണ്. വീടുകൾ, ഏലം സ്റ്റോറുകൾ, കാർഷിക വിളകൾ, വാഹനങ്ങൾ, പമ്പുസെറ്റുകൾ, കുടിവെള്ള പൈപ്പുകൾ തുടങ്ങി കോടിക്കണക്കിന് രൂപയുടെ വസ്തുവകകളാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ഏറ്റുമുട്ടൽ തുടങ്ങിയത് ഇങ്ങനെ
ചിന്നക്കനാൽ വില്ലേജിലെ 1490 ഏക്കർ ഭൂമി കേന്ദ്രീകരിച്ച് 2002ൽ സർക്കാർ ആദിവാസി പുനരധിവാസ പദ്ധതി നടപ്പിലാക്കിയത് മുതലാണ് മനുഷ്യനും ആനകളും തമ്മിലുള്ള അതിജീവനപ്പോരാട്ടം ആരംഭിച്ചത്. സിങ്കുകണ്ടത്തിന് സമീപം 301, എൺപതേക്കർ കോളനിയിൽ 68, പന്തടിക്കളത്ത് 62 എന്നിങ്ങനെയാണ് പട്ടികവർഗ കുടുംബങ്ങളെ കുടിയിരുത്തിയത്. ഇതിനു പുറമെ ടൂറിസ്റ്റ് കേന്ദ്രമായി ആനയിറങ്കൽ മേഖല മാറുകയും ആനത്താരകളിൽ കയ്യേറ്റങ്ങൾ വർദ്ധിക്കുകയും റിസോർട്ടുകൾ ഉയരുകയും ജനവാസമേഖല വികസിക്കുകയും ചെയ്തു. താവളങ്ങൾ നഷ്ടമായ ആനകൾ ഇതോടെ തീറ്റയ്ക്കും വെള്ളത്തിനുമായി ജനവാസ കേന്ദ്രങ്ങളിലേയ്ക്ക് ഇറങ്ങാൻ തുടങ്ങി.