ഇടുക്കി: ജില്ലയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പരാതികൾ നേരിട്ട് പൊതു തിരഞ്ഞെടുപ്പ് നിരീക്ഷകയ്ക്ക് നൽകാം. ഡൽഹിയിൽ നിന്നെത്തിയ തിരഞ്ഞെടുപ്പ് ജനറൽ ഒബ്‌സർവേർ ഗരിമ ഗുപ്തയാണ് പരാതികൾ സ്വീകരിക്കുന്നത്. ഡൽഹി അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ബോർഡ് വൈസ് ചെയർപേഴ്‌സൺ ആന്റ് ഡയറക്ടറാണ് ജനറൽ ഒബ്‌സർവർ ഗരിമ ഗുപ്ത. റിട്ടേണിംഗ് ഓഫീസിൽ രാവിലെ 10 മുതൽ 12 വരെ പൊതുജനങ്ങളുടെ പക്കൽ നിന്ന് പരാതികൾ സ്വീകരിക്കും. കൂടാതെ 9188619581എന്ന നമ്പറിലൂടെ ഒബ്‌സർവർ ഗരിമ ഗുപ്തയും പൊലീസ് ഒബ്‌സർവർ മാൻസിംഗ് 8078189453 എന്ന ഫോൺ നമ്പർ വഴിയും പരാതികൾ സ്വീകരിക്കും.
ഇതുവരെ ലഭിച്ച തിരഞ്ഞെടുപ്പ് പരാതികളുടെയും മറ്റും വിശദാംശങ്ങൾ ജില്ലാകളക്ടർ എച്ച്. ദിനേശനോടൊപ്പം ഗരിമ ഗുപ്ത കളക്ടറേറ്റിൽ വിശകലനം ചെയ്തു. തുടർന്ന് വോട്ടെണ്ണൽ കേന്ദ്രമായ എം.ആർ.എസ് സന്ദർശിക്കുകയും ക്രമീകരണങ്ങൾ വിലയിരുത്തുകയും ചെയ്തു. പൊതുജനങ്ങൾക്ക് ഗസ്റ്റ്ഹൗസിൽ ഒബ്‌സർവറെ നേരിട്ട് സന്ദർശിച്ച് പരാതികൾ നൽകാം.
ഇടുക്കിയിൽ ഒമ്പത് സ്ഥനാർത്ഥികൾ
ഇടുക്കി: സമയപരിധി അവസാനിച്ചതോടെ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽ ഇതുവരെ നാമനിർദ്ദേശ പത്രിക നൽകിയത് ഒമ്പത് പേർ. പത്രിക സമർപ്പണത്തിന്റെ അവസാന ദിനമായ ഇന്നലെ പെമ്പിളൈ ഒരുമ സമരനായിക ഗോമതി അഗസ്റ്റിനും സ്വതന്ത്ര സ്ഥാനാർത്ഥി കെ.എ. ബേബിയും ജില്ലാ വരണാധികാരിയായ കളക്ടർ എച്ച്. ദിനേശൻ മുമ്പാകെ പത്രിക സമർപ്പിച്ചു. ഓരോ സെറ്റ് പത്രിക വീതം സമർപ്പിച്ച ഇരുവരും 25,000 രൂപ പണമായും കെട്ടിവെച്ചു. എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജോയ്‌സ് ജോർജ്, യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്, എൻ.ഡി.എ സ്ഥാനാർത്ഥി ബിജു കൃഷ്ണൻ, ബി.എസ്.പി സ്ഥാനാർത്ഥി ലിതേഷ് പി.ടി, വിടുതലൈ ചിരുതൈഗൽ പാർട്ടി സ്ഥാനാർഥി എം. സെൽവരാജ്, സ്വതന്ത്ര സ്ഥാനാർത്ഥി റെജിമോൻ ജോസഫ്, കോൺഗ്രസിന്റെ രണ്ടാം സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇബ്രാഹിം കുട്ടി എന്നിവരുമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
പോസ്റ്ററുകളും ഫ്ലക്‌സുകളും നീക്കം ചെയ്തു
തൊടുപുഴ നിയോജക മണ്ഡലത്തിലെ വണ്ണപ്പുറം, പാറപ്പുഴ, മുണ്ടൻമുടി, ബ്ലാത്തികവല, പട്ടയക്കുടി, പുളിക്കത്തൊട്ടി, വെള്ളക്കയം, മുള്ളരിങ്ങാട്, പടി. കോടിക്കുളം, മണക്കാട്, പുതുപ്പരിയാരം, കുന്നം, ഉണ്ടപ്ലാവ്, പട്ടയംകവല എന്നിവിടങ്ങളിൽ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന 538 പോസ്റ്ററുകൾ, 21 ഫ്ലക്‌സുകൾ എന്നിവ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു. കൂടാതെ തൊടുപുഴ നിയോജക മണ്ഡലത്തിൽ ഉണ്ടപ്ലാവ് റോഡിൽ എഴുതിയിരുന്ന മൂന്ന് പരസ്യത്തിനെതിരെ ഇലക്ഷൻ കമ്മിഷന്റെ വെബ്സൈറ്റായ സി വിജിലിൽ രജിസ്റ്റർ ചെയ്ത പരാതി ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകൾ സ്ഥലപരിശോധന നടത്തി നീക്കം ചെയ്തു. ജില്ലയിൽ ഇതുവരെ ആകെ 17262 പെരുമാറ്റചട്ട ലംഘനമുള്ള പരസ്യങ്ങൾ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു.
പരിശീലനത്തിന് വന്നില്ലെങ്കിൽ നടപടി
ഇടുക്കി: തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ളതിൽ ഇതേവരെ പരിശീലനം ലഭിക്കാത്ത ജീവനക്കാർക്ക് വേണ്ടി ഇന്ന് രാവിലെ 9.45ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തുന്ന പരിശീലനത്തിലും പങ്കെടുക്കാത്ത ജീവനക്കാർക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാകളക്ടർ അറിയിച്ചു.
ബോധവത്കരണവും കലാപരിപാടികളും
ഇടുക്കി: വോട്ടർമാരെ വോട്ടിംഗ് യന്ത്രവും വിവി പാറ്റ് സംവിധാനവും പരിചയപ്പെടുത്തുക, തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുക, വോട്ട് ചെയ്യാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെ സ്വീപിന്റെ ഭാഗമായി വോട്ട് വണ്ടിയുടെ പര്യടനം ഉടുമ്പൻചോല അസംബ്ലി നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കും. ഇന്ന് വോട്ട് വണ്ടി എഴുകുംവയൽ, ഇരട്ടയാർ, വലിയതോവാള, ചെമ്പകപ്പാറ, ഈട്ടിത്തോപ്പ് എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. തുടർന്ന് വൈകിട്ട് അഞ്ചിന് നെടുങ്കണ്ടം പടിഞ്ഞാറെ കവല ടൗൺ വികസന സമിതി സ്റ്റേജിൽ ജില്ലാ പൊലീസ് വകുപ്പിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ വോട്ട് എന്റെ അവകാശം സ്‌കിറ്റ്, ഫ്ളാഷ്‌മോബ് എന്നിവയും തുടർന്ന് ജീവനക്കാരുടെ കരോക്കെ ഗാനമേളയും നടത്തും. ജില്ലാകളക്ടർ എച്ച്. ദിനേശൻ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനിൽ ഉമ്മൻ, ദേവികുളം സബ്‌കളക്ടർ ഡോ. രേണുരാജ്, സൂപ്രണ്ട് ഒഫ് പൊലീസ് കെ.ബി വേണുഗാപോൽ, തഹസീൽദാർ എന്നിവർ പങ്കെടുക്കും.