ഇടുക്കി: എൻ.ഡി.എ സ്ഥാനാർഥി ബിജു കൃഷ്ണൻ നയിക്കുന്ന മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചരണ യാത്രയ്ക്ക് കോതമംഗലത്ത് തുടക്കമായി. ഇന്ന് രാവിലെ കോതമംഗലം തൃക്കാരിയൂരിൽ നിന്ന് ആരംഭിച്ച പ്രചരണ യാത്രയ്ക്ക് ആവേശോജ്വലമായ സ്വീകരണമാണ് ലഭിച്ചത്. കോതമംഗലം താലൂക്കിൽ ആദ്യ ദിവസത്തെ പര്യടനം വിവിധ ഗ്രാമീണ മേഖലയിലൂടെയായിരുന്നു. പാർട്ടി പ്രവർത്തകരും സ്ത്രീകളും കുട്ടികളുമടക്കം വിവിധ കേന്ദ്രങ്ങളിൽ പൂമാലയും ഷാളും ഹാരവും തിരഞ്ഞെടുപ്പ് ചിഹ്നമായ അലങ്കരിച്ച കുടവും നൽകി ബിജു കൃഷ്ണനെ സ്വീകരിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ ആയക്കാട്, മുണ്ടയ്ക്കൽ പടി, നാഗഞ്ചേരി, പള്ളിപ്പറമ്പ്, പ്ലാമൂട്, ഉപ്പുകണ്ടം, കൂറുമാറ്റം, വേട്ടാംപാറ, മാലിപ്പാറ, ചേലാട്, കീരംപാറ, മുത്തം കുഴി, ചിറയ്ക്കാട്ട് കാവ്, ചേലാട്, കീരംപാറ, സ്റ്റേഡിയം എന്നിവിടങ്ങളിൽ പര്യടനം ഉച്ചയോടെ പൂർത്തിയായി. തുടർന്ന് ഉച്ചയ്ക്ക് ശേഷം മണികണ്ഠൻചാൽ ,കുട്ടമ്പുഴ, പിണവൂർകുടി, ഉരുളൻതണ്ണി, തട്ടേക്കാട്, പുന്നേക്കാട്, പാലമറ്റം ആവലിച്ചാൽ, നേര്യമംഗലം, ചെമ്പൻമുടി, പുത്തൻകുരിശ്, ഊന്നുകൽ എന്നിവിടങ്ങളിൽ പര്യടനം നടത്തിയ ബിജു കൃഷ്ണൻ വോട്ടർമാരുമായി ആശയവിനിമയം നടത്തുകയും അവരുടെ പ്രശ്നങ്ങൾ ആരായുകയും ചെയ്തു. ഇടതുമുന്നണിയും ഇതിനോടകം തന്നെ തങ്ങളുടെ പരാജയം സമ്മതിച്ചു കഴിഞ്ഞെന്നും അതിനുള്ള തെളിവാണ് എൻ.ഡി.എ സ്ഥാനാർത്ഥികൾക്ക് മേൽ നിരന്തരം കള്ളക്കേസുകൾ ചുമത്തുന്നതെന്നും ബിജു കൃഷ്ണൻ പറഞ്ഞു. എന്നാൽ ഈ കള്ളകേസുകൾ കൊണ്ടോ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തിയതു കൊണ്ടോ പിണറായി സർക്കാരിന് ഈ തിരഞ്ഞെടുപ്പിൽ വിജയിക്കാനോ എൻ.ഡി.എ സ്ഥാനാർഥികളെ പരാജയപ്പെടുത്താനോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് നെല്ലിമറ്റത്തെ സ്വീകരണത്തോടെ ഇന്നലത്തെ പ്രചരണ പരിപാടി അവസാനിപ്പിച്ചു.
എൻ.ഡി.എ കൺവീനർ ഇ.ടി. നടരാജൻ, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് പി.എ. സോമൻ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി. മാത്തുക്കുട്ടി, പി.പി. സജീവ്, അജി നാരായണൻ, കെ.പി. രഞ്ജിത്ത്, പി.കെ. ബാബു, പി.എ. സിദ്ദിഖ്, ചന്ദ്ര ബോസ് എന്നിവർ നേതൃത്വം നൽകി. സമാപന ദിവസമായ നാളത്തെ പര്യടന യാത്ര പല്ലാരിമംഗലം പഞ്ചായത്തിലെ മാവടിയിൽ ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് ചെറുവത്തൂരിൽ സമാപിക്കും.