ഇടുക്കി: ഇന്നലെ വാട്സ് ആപ്പിൽ പാറിപ്പറന്നൊരു വ്യാജസന്ദേശം ജനങ്ങളെ ഭയപ്പാടിലാക്കി. കുമളിയിൽ ടൂറിസ്റ്റ് ബസും തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസും കൂട്ടിയിടിച്ച് 48 പേർ മരിച്ചെന്നും 62 പേർക്ക് പരിക്കേറ്റെന്നുമായിരുന്നു നാല് ചിത്രങ്ങൾ സഹിതം പ്രചരിച്ച സന്ദേശത്തിന്റെ ഉള്ളടക്കം. വാട്സ് ആപ്പിൽ കിട്ടിയസന്ദേശം രണ്ടാമത് ഒന്നുകൂടി ആലോചിക്കാതെ പറത്തിക്കളിച്ചവർ പിന്നീട് പുലിവാല് പിടിച്ചു. എന്നാൽ സംഭവത്തിൽ സംശയം തോന്നിയവർ നിജസ്ഥിതി അന്വേഷിച്ച് പൊലീസിനെയും മാദ്ധ്യമപ്രവർത്തകരെയും ഇടതടവില്ലാതെ വിളിച്ചുകൊണ്ടിരുന്നു. വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായി എന്നാണ് സന്ദേശമെങ്കിലും കൊക്കിയിൽ വീണ് തവിടുപൊടിയായി കിടക്കുന്ന ഏതോ വാഹനത്തിന്റെയും ആളുകൾ കൂടി നിൽക്കുന്നതുമായ പഴയ ചിത്രങ്ങളുമാണ് പ്രചരിപ്പിച്ചത്. അടുത്ത സുഹൃത്തുക്കളെ ഏപ്രിൽ ഒന്നിന് ഫൂളാക്കാൻ ആരെങ്കിലും പടച്ചുവിട്ട തമാശക്കളി കൈവിട്ടുപോയതാകാനാണ് സാധ്യത. സന്ദേശം കൈമാറി കിട്ടിയപ്പോൾ സത്യമല്ലെന്ന് കണ്ട് പലരും നശിപ്പിച്ചുകളഞ്ഞു. എന്നാൽ വാട്സ് ആപ്പിനപ്പുറമൊരു സത്യമില്ലെന്ന് വിചാരിക്കുന്ന വിരുതന്മാർ വാർത്താ മാദ്ധ്യമങ്ങളുമായി ഒത്തുനോക്കാൻ പോലും കൂട്ടാക്കാതെ വിവിധ ഗ്രൂപ്പുകളിലേക്കും സുഹൃത്തുക്കൾക്കും പറത്തിവിട്ടതാണ് കൂടുതൽ കുഴപ്പങ്ങളുണ്ടാക്കിയത്. എന്തായാലും ജനങ്ങളെ മണിക്കൂറുകളോളം പരിഭ്രാന്തരാക്കിയ വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന അഭിപ്രായം സമൂഹത്തിൽ ശക്തമാണ്. പൊതു തിരഞ്ഞെടുപ്പ് കാലത്ത് യാതൊരടിസ്ഥാനവുമില്ലാത്ത നിരവധി സന്ദേശങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.